കരാർ നിയമനങ്ങൾ തകൃതി
കൊല്ലം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കോടികളുടെ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടന്ന് നശിക്കുമ്പോഴും, പി.എസ്.എ.സിയുടെ ബയോ മെഡിക്കൽ എൻജിനിയർ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം മരവിച്ച നിലയിൽ. 2018 മാർച്ചിൽ നിലവിൽവന്ന 20 പേരുൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് ഒരാളെ മാത്രമാണ് നിയമിച്ചത്.
സർക്കാർ മെഡിക്കൽ കോളേജുകളിലടക്കം കരാറടിസ്ഥാനത്തിൽ നിയമനങ്ങൾ തകൃതിയായി നടക്കുമ്പോഴും, സ്ഥിരം തസ്തിക സൃഷ്ടിക്കാത്തതാണ് പ്രശ്നം. കഴിഞ്ഞ അഞ്ച് ബഡ്ജറ്റിലും സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ബയോ മെഡിക്കൽ എൻജിനിയറിംഗ് വിഭാഗം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. ഒൻപത് സർക്കാർ മെഡിക്കൽ കോളേജുകളിലും തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്താൽമോളജിയിലുമായി 20 ബയോ മെഡിക്കൽ എൻജിനിയർമാരുടെ തസ്തിക സൃഷ്ടിക്കുന്നതിന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾ പലതവണ ശുപാർശ ചെയ്തെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് തടയിട്ടു.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജുകളിൽ മാത്രമാണ് നിലവിൽ ബയോ മെഡിക്കൽ എൻജിനിയറുടെ ഒരു സ്ഥിരം തസ്തികയുള്ളത്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, എറണാകുളം, മഞ്ചേരി, ഇടുക്കി, കണ്ണൂർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം എസ്.എ.ടി, തിരുവനന്തപുരം കണ്ണാശുപത്രി എന്നിവിടങ്ങളിൽ ഈ വിഭാഗത്തിൽ കരാറടിസ്ഥാനത്തിലാണ് നിയമനം.
റാങ്ക് ലിസ്റ്റ്
പുറപ്പെടുവിച്ചത്: 2018 മാർച്ച് ഉൾപ്പെട്ടത്: 20 പേർ നിയമനം: 1
''
ആരോഗ്യവകുപ്പ് എൻ.എച്ച്.എം വഴി താത്കാലികാടിസ്ഥാനത്തിലാണ് ബയോ മെഡിക്കൽ എൻജിനിയർമാരെ നിയമിച്ചിരിക്കുന്നത്'.
ഡോ. ആർ.എൽ. സരിത
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ