കൊല്ലം: ലോക്ക്ഡൗൺ കാലത്ത് റേഷൻകാർഡ് ഉടമകൾക്ക് സർക്കാർ സപ്ലൈകോ വഴി വിതരണം ചെയ്ത ഭക്ഷ്യകിറ്റ് തയ്യാറാക്കിയവർക്ക് ഇതുവരെയും കൂലി ലഭിച്ചില്ല. ഓണക്കാല കിറ്റിനുള്ള തയ്യാറെടുപ്പ് തുടങ്ങുമ്പോൾ, നേരത്തെ തയ്യാറാക്കിയ കിറ്റിന്റെ കൂലി പോലും നിശ്ചയിച്ചിട്ടില്ല.
255 താത്കാലിക ജീവനക്കാരെ നിയോഗിച്ചാണ് പായ്ക്കിംഗ് നടത്തിയത്. 7,44,922 സൗജന്യ കിറ്റുകളാണ് ജില്ലയിലാകെ തയ്യാറാക്കിയത്. ഇതിൽ 5,61,915 കിറ്റുകളിലെ ഇനങ്ങൾ താത്കാലിക ജീവനക്കാരും ബാക്കി 25 ശതമാനം സന്നദ്ധസംഘടനാ പ്രവർത്തകരുമാണ് തയ്യാറാക്കിയത്.
രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയായിരുന്നു ജോലി. ലോക്ക്ഡൗൺ കാലത്തെ കർശന പരിശോധനകൾക്കിടയിൽ ബന്ധുക്കളുടെയും മറ്റും സ്കൂട്ടറിലാണ് ഔട്ട്ലെറ്റുകളിലെത്തിയത്. 17 കിലോ മീറ്റർ താണ്ടിവന്നവരും കൂട്ടത്തിലുണ്ട്. ഇവർക്ക് വണ്ടിക്കൂലിക്കുള്ള പണം പോലും അന്ന് നൽകിയിരുന്നില്ല.
മാർച്ച് 28ന് തുടങ്ങിയ പായ്ക്കിംഗ് മേയ് 16നാണ് അവസാനിച്ചത്. താത്കാലികമായ നിയമിക്കപ്പെട്ടവരിൽ വിരലിലെണ്ണാവുന്നവർ മാത്രം ചില ഔട്ട്ലെറ്റുകളിൽ തുരുന്നുണ്ട്. വിവിധ ഔട്ട്ലെറ്റുകളിൽ എട്ടും ഒൻപതും ഇനങ്ങളാണ് പായ്ക്ക് ചെയ്തത്. ഒരു കിറ്റിലേക്കുള്ള ഇനങ്ങൾ തയ്യാറാക്കിയതിന് കുറഞ്ഞത് 20 രൂപയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ.
സപ്ലൈകോ ഏരിയ, കിറ്റ് പായ്ക്കിംഗിനെടുത്ത ജീവനക്കാരുടെ എണ്ണം
കൊല്ലം - 128
പുനലൂർ - 49
കൊട്ടാരക്കര - 42
കരുനാഗപ്പള്ളി - 36
സൗജന്യ കിറ്റുകൾ: 7,44,922