കൊല്ലം: ജനിച്ചതും പഠിച്ചതും കളിച്ചതും ഒന്നിച്ച്, ശ്രീപാർവതിയും ശ്രീലക്ഷ്മിയും പരീക്ഷയിലും വിജയക്കൊടി ചേർത്തുപിടിച്ചു. പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഈ മിന്നും താരങ്ങൾ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയാണ് വിജയമധുരം പങ്കിട്ടത്. പുത്തൂർ എസ്.എൻ.പുരം മണിമന്ദിരത്തിൽ കെ.ബാബുവിന്റെയും(റിട്ട.സൂപ്രണ്ട്, എസ്.എൻ.കോളേജ്, പുനലൂർ) ടി.എസ്.അജിതയുടെയും(അദ്ധ്യാപിക, ഗവ.ഡബ്ള്യു.എൽ.പി സ്കൂൾ, ഐരൂർക്കുഴി) ഇരട്ടക്കുട്ടികളാണ് ഈ വിജയതാരങ്ങൾ. പത്താം ക്ളാസ് പരീക്ഷയിലും എല്ലാ വിഷയത്തിനും ഇരുവരും എ പ്ളസ് നേടിയിരുന്നു. സയൻസിലാണ് പ്ളസ് ടു പഠിച്ചത്. ഇനി ബിരുദ പഠനത്തിന് പോകാനാണ് തീരുമാനം.എസ്.എൻ.ഡി.പി യോഗം ശ്രീനാരായണപുരം ശാഖയിൽ നിന്നുമുള്ള യൂണിയൻ കമ്മിറ്റി അംഗമാണ് പിതാവ് ബാബു. സഹോദരൻ അനന്ദു എം.എസ്.സി വിദ്യാർത്ഥിയാണ്.