photo
തേവർ ചിറയുടെ ഒരു വശം സംരക്ഷണ ഭിത്തി കെട്ടിയപ്പോൾ

ശോചനീയാവസ്ഥയ്ക്ക്

ഇപ്പോഴും മാറ്റമില്ല

കൊല്ലം: നൂറ്റാണ്ടുകളുടെ ശേഷിപ്പായ കോട്ടാത്തല തേവർ ചിറ സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യത്തിന് നടപടിയുണ്ടായിരിക്കുന്നു. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കോട്ടാത്തല -തേവർ ചിറയുടെ സംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് അനുവദിച്ച പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ചുള്ള നവീകരണമാണ് നടന്നത്. ചിറയുടെ ഒരു വശത്ത് കരിങ്കല്ലടുക്കിക്കെട്ടി ബലമുള്ള സംരക്ഷണ ഭിത്തി ഒരുക്കുക മാത്രമാണ് നടന്നത്. എന്നാൽ ചിറയുടെ ശോചനീയാവസ്ഥയ്ക്ക് ഇപ്പോഴും മാറ്റമായിട്ടില്ല. ഒരേക്കർ പതിനാറ് സെന്റാണ് വിസ്തൃതിയുള്ളതാണ് ചിറ. കോട്ടാത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെയും തണ്ണീർ പന്തൽ ദേവീക്ഷേത്രത്തിന്റെയും ഇടഭാഗത്തായിട്ടാണ് ചിറ സ്ഥിതി ചെയ്യുന്നത്. ഏറെ വിസ്തൃതി ഉണ്ടായിരുന്ന ചിറ കൈയേറ്റങ്ങളിലൂടെ ചുരുങ്ങി.

സംരക്ഷണ ഭിത്തികൾ കെട്ടി കൽപ്പടവുകളും കുളിക്കടവുകളും പുനർ നിർമ്മിക്കും. ചെളികോരി മാറ്റി ഉറവകൾ തെളിയ്ക്കും. സൗന്ദര്യവത്കരണം നടത്തി നീന്തൽക്കുളമാക്കുവാനും ലക്ഷ്യമുണ്ട്. സംരക്ഷണമില്ലാതെ ചിറ നശിക്കുന്നതിനെക്കുറിച്ച് പലതവണയായി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.


15 ലക്ഷം രൂപ ചെലവഴിച്ചുള്ള ഒന്നാം ഘട്ട നവീകരണം പൂർത്തിയായി

കയ്യേറ്റങ്ങളിൽ വിസ്തൃതി നഷ്ടമായി

ഒരേക്കർ പതിനാറ് സെന്റാണ് വിസ്തൃതിയുള്ളതാണ് ചിറ.

മുൻപ് ഇതിലും കൂടുതൽ

വിസ്തൃതി ഉണ്ടായിരുന്നെങ്കിലും

കുറേ ഭാഗം നഷ്ടമായി.

ബ്ളോക്ക് പഞ്ചായത്ത് ഇരുപത്തഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത് . എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ തുകയിൽ കുറവ് വന്നിട്ടുണ്ട്. എങ്കിലും 20ാം തീയതിയോടെ ടെൻഡറാകും. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ വിഹിതവും ലഭിക്കും. രണ്ട് പദ്ധതികൾ കൂടി എത്തുമ്പോൾ ചിറയുടെ നവീകരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

ജി. അജയകുമാർ, ബ്ളോക്ക് പഞ്ചായത്തംഗം.

ചരിത്രമുറങ്ങുന്ന ചിറ

രാജഭരണ കാലത്ത് കൊട്ടാരക്കര ഇളയടത്ത് സ്വരൂപം ഈ ചിറയിൽ മുങ്ങിക്കുളിച്ച ശേഷമാണ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തിയിരുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ കുളിപ്പുരകളും കൽപ്പടവുകളുമൊക്കെയുണ്ടായിരുന്നു. പ്രസിദ്ധമായ കടലാമന മഠം വകയായിരുന്നു ക്ഷേത്രവും ചിറയും. മഠത്തിലെ കാരണവരായിരുന്ന നമ്പൂതിരി ശ്രീകൃഷ്ണ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിനും ചിറ സർക്കാരിനും എഴുതി നൽകുകയായിരുന്നു.