കടയ്ക്കൽ: വീട്ടുവരാന്തയിൽ വൃദ്ധയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ചെറുകര തോട്ടുംകര വീട്ടിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ കൊലുസം ബീവിയെയാണ് (75) ഇന്നലെ രാവിലെ വിവസ്ത്രയായി മരിച്ച നിലയിൽ കണ്ടെത്തിയത്.
പത്ത് വർഷമായി ഇവർ ഒറ്റയ്ക്കാണ് താമസിക്കുന്നത്. കടയ്ക്കൽ കാഞ്ഞിരത്തുംമൂട്ടിൽ താമസിച്ചിരുന്ന ഏകമകൻ ജലാൽ മൂന്നു വർഷം മുൻപ് മരിച്ചിരുന്നു. തൊഴുലുറപ്പ് ജോലിക്ക് പോകാനെത്തിയ സ്ത്രീകളാണ് മൃതദേഹം ആദ്യം കണ്ടത്. ശരീരത്തിൽ മുറിവുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കടയ്ക്കൽ സി.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പുനലൂർ ഡിവൈ.എസ്.പി അനിൽ ദാസും സംഭവ സ്ഥലം സന്ദർശിച്ചു. വിരലടയാള വിദഗ്ദ്ധരും ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.