കൊല്ലം: കൊല്ലം സിറ്റി പൊലീസ് അഞ്ച് ശിശു സൗഹൃദ പൊലീസ് സെന്ററുകൾ തുറന്നു. ചാത്തന്നൂർ, കൊട്ടിയം, പരവൂർ, അഞ്ചാലുംമൂട്,ചവറ എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് ശിശു സൗഹൃദ പൊലീസ് സെന്ററുകൾ പ്രവർത്തനം തുടങ്ങിയത്.
കുട്ടികളെ ആകർഷിക്കാൻ കാർട്ടൂൺ രൂപത്തിലുള്ള ചിത്രങ്ങൾ ഭിത്തികളിൽ പതിച്ച് മനോഹരമാക്കിയ വിധത്തിലാണ് സെന്ററുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കളിപ്പാട്ടങ്ങളും പഠനസാമഗ്രികളും സെന്ററുകളിൽ സജ്ജമാണ്. കുട്ടികൾക്ക് ആവശ്യമായ സംരക്ഷണവും കരുതലും നൽകുക, മാതാപിതാക്കൾ, അദ്ധ്യാപകർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ കുട്ടികൾക്ക് ചുറ്റിലും അദൃശ്യമായ സംരക്ഷണ ഭിത്തി തീർക്കുക തുടങ്ങിയവയാണ് സെന്ററിന്റെ ലക്ഷ്യങ്ങൾ. നിലവിൽ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ശിശുസൗഹൃദ പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചുവരികയാണ്.
ശിശുസൗഹൃദ പൊലീസ് സെന്ററുകളുടെ ഉദ്ഘാടനം അതാത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ നിർവഹിച്ചു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ ജോസി ചെറിയാൻ, ഡെപ്യൂട്ടി കമാൻഡന്റ് കെ. സുരേഷ്, എ.സി.പി കൊല്ലം എ. പ്രതീപ് കുമാർ, എ.സി.പി കരുനാഗപ്പള്ളി ബി. ഗോപകുമാർ എന്നിവർ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പങ്കെടുത്തു.
5 സ്റ്രേഷനുകൾ
01. ചാത്തന്നൂർ
02. കൊട്ടിയം
03. പരവൂർ
04. അഞ്ചാലുംമൂട്
05. ചവറ