അപൂർവ ശസ്ത്രക്രിയ കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ
കൊല്ലം: പശുവിന്റെ ശ്വാസകോശ അറയിൽ നിന്ന് മൂന്നിഞ്ച് നീളമുള്ള ആണി അപൂർവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നെടുങ്ങോലം ചിത്തിര വേലിക്കഴികം വീട്ടിൽ സിന്ധുവിന്റെ പശുവിനാണ് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്.
രണ്ടാഴ്ചയായി ഭക്ഷണം കഴിക്കാതെ നിന്ന പശു അവശയായിരുന്നു. പശുവിനെ പരിശോധിച്ച കല്ലുവാതുക്കൽ സീനിയർ വെറ്ററിനറി സർജൻ ഡോ.ഷീജയാണ് അന്യ വസ്‌തുക്കൾ ശ്വാസകോശ അറയിൽ കടന്നിരിക്കാമെന്ന നിഗമനത്തിൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്ക് ശുപാർശ ചെയ്‌തത്. തുടർ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു.
ഭക്ഷണത്തോടൊപ്പം ഉള്ളിൽ ചെന്ന ആണി ആമാശയത്തിൽ നിന്ന് കടന്നത് ശ്വാസകോശ അറയിലേക്കായിരുന്നു. പശുക്കളിൽ അപൂർവമായ തൊറാക്കോട്ടമിയും റൂമനോട്ടമിയും ഒരേ സമയം ചെയ്തതോടെ മൂന്നിഞ്ചിലേറെ നീളമുള്ള ഇരുമ്പാണി നീക്കം ചെയ്തു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അജിത്ത് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. സർജന്മാരായ ഡോ. അജിത്ത് പിള്ള, ഡോ. നിജിൻ ജോസ് എന്നിവരും പങ്കെടുത്തു. ഒരാഴ്ച നീണ്ടുനിൽക്കുന്ന തുടർ ചികിത്സയോടെ പശു സുഖം പ്രാപിക്കുമെന്ന് ഡോക്ടർ ഡോ. അജിത് ബാബു പറഞ്ഞു.