ശാസ്താംകോട്ട: ആഞ്ഞിലിമൂട് മാർക്കറ്റിലെ മത്സ്യ വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നടന്നുവന്ന കൊവിഡ് പരിശോധ താത്ക്കാലികമായി നിറുത്തിവച്ചു. ഇവിടെ സാമൂഹ്യ വ്യാപനത്തിലൂടെ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആന്റിജൻ കിറ്റ് ഇല്ലാത്തതിനാലാണ് രണ്ട് ദിവസമായി കൊവിഡ് പരിശോധന നിറുത്തിവച്ചിരിക്കുന്നത്. മത്സ്യ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ ജൂൺ 20 മുതൽ ജൂലായ് 3 വരെ മാർക്കറ്റിലെത്തിയവർ കൊവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരുന്നു. അങ്ങനെ രജിസ്റ്റർ ചെയ്തവർക്കാണ് താലൂക്ക് ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നത്. ശാസ്താംകോട്ട, പോരുവഴി, മൈനാഗപ്പള്ളി, ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളിലുള്ളവർക്കാണ് താലൂക്ക് ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നത്. ആഞ്ഞിലിമൂട് മാർക്കറ്റുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേർ രജിസ്റ്റർ ചെയ്തിട്ടും പരിശോധന വൈകുന്നത് പ്രദേശവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.