കൊല്ലം: അച്ഛന്റെ കൈ പിടിച്ച് കാടും മേടും മുൾപ്പാതകളും നടന്നുതോൽപ്പിച്ച അഞ്ജന ഉൾക്കാട്ടിലെ കുടിലിലെത്തിച്ചത് എ പ്ലസ് വിജയം. ദിവസവും പത്ത് കിലോമീറ്ററിലധികം ഉൾക്കാട്ടിലൂടെ സഞ്ചരിച്ചാണ് പിറവന്തൂർ വില്ലേജിലെ ചാങ്ങപ്പാറ കമ്പിലൈനിൽ സൗമ്യൻ - സിന്ധു ദമ്പതികളുടെ മകൾ അഞ്ജന സൗമ്യൻ പ്ലസ്ടുവിന് 95 ശതമാനം മാർക്ക് നേടിയത്.
പുനലൂർ എസ്.എൻ ട്രസ്റ്റ് സ്കൂളിലെ കൊമേഴ്സ് വിദ്യാർത്ഥിയായിരുന്ന അഞ്ജന രാവിലെയും വൈകിട്ടുമായി കാട്ടിലൂടെ മാത്രം പത്ത് കിലോമീറ്ററിലധികമാണ് നടക്കുന്നത്. കാട്ടിൽ കൃഷിചെയ്ത് ജീവിക്കുന്ന സൗമ്യനാണ് പുലർച്ചെ സ്കൂളിലേക്ക് പോകുമ്പോഴും വൈകിട്ട് തിരിച്ച് വരുമ്പോഴും കാട് കടക്കാൻ മകൾക്ക് കൂട്ടാകുന്നത്. കുടിലിൽ നിന്ന് ചാലിയേക്കര ബസ് സ്റ്റോപ്പ് വരെയും തിരിച്ചും രണ്ടുവർഷമായി ഇതാണ് പതിവ്. മഴക്കാലത്ത് കല്ലടയാറ് കരകവിയുമ്പോൾ കൈവഴിയായ ഇഞ്ചപ്പള്ളിയാറ് കടക്കാൻ സൗമ്യനും മകളും ദൂരങ്ങൾ താണ്ടി ഇഞ്ചപ്പള്ളി ചപ്പാത്ത് വഴി ചാലിയേക്കരയെത്തും.
ചാലിയേക്കരയിൽ നിന്ന് ബസിൽ പുനലൂർ ടൗണിലെത്തും. തുടർന്ന് ഐക്കരക്കോണത്തേക്ക് സ്കൂൾ ബസിലാണ് യാത്ര. ദിവസവും പുലർച്ചെ 6ന് വീട്ടിൽ നിന്നിറങ്ങും. വൈകിട്ടത്തെ ട്യൂഷനും കഴിഞ്ഞ് വീടണയുമ്പോൾ രാത്രിയാകും. യു.കെ.ജി മുതൽ പത്താംക്ളാസ് വരെ പഠിച്ച പിറവന്തൂർ ഗുരുദേവ എച്ച്.എസിലേക്കുള്ള യാത്രയും സമാനമാണ്. കാട്ടിലെ കോടമഞ്ഞും കൊടുംമഴയും ശീലിച്ച അഞ്ജനയെ വന്യജീവികൾ ഇതുവരെ ഭയപ്പെടുത്തിയിട്ടില്ല. ഒരുദിവസം വൈകിട്ട് കാട്ടാനക്കൂട്ടത്തിന്റെ നടുവിലകപ്പെട്ടെങ്കിലും അഞ്ജനയെയും അച്ഛനെയും കാട് ചതിച്ചില്ല. കഴിഞ്ഞ 20 വർഷമായി തെന്മല പഞ്ചായത്തിലെ കാട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്.