കൊല്ലം: ശ്രീരാമ രാമ രാമ ശ്രീരാമ ചന്ദ്രാ ജയ... രാമാക്ഷര മന്ത്ര ധ്വനിയുയരുന്ന കർക്കടകമായി. കള്ളക്കർക്കടകമെന്നാണ് പഴമാക്കാർ വിളിക്കുക. പക്ഷേ ശ്രീരാമ മന്ത്ര ധ്വനികളാൽ പുണ്യം പേറുന്ന മാസം കൂടിയാണിത്. ആയൂർ രക്ഷാ ചികിത്സപോലും കർക്കടകമാസത്തിന്റെ ശക്തി പേറുന്നതാണ്.
ഇരുണ്ട ആകാശം, നിറയെ കാർമേഘങ്ങൾ. സൂര്യനെ കാണാൻ കിട്ടില്ലെന്നാണ് പഴമക്കാരുടെ പക്ഷം. സൂര്യനെ കിട്ടിയാൽ ആനത്തോലുക്കാണമത്രെ. അത്ര ശക്തിയായിരിക്കും ചൂടിന്. മഴയുടെ ആർത്തിരമ്പൽ പുലർച്ചെ വരെയുണ്ടാകും. ശരീരത്തിൽ പ്രാണികോർജ്ജത്തിന്റെ ഒഴുക്ക് ഏറ്റവും സുഗമമായിരിക്കും. ഈ മാസം ചികിത്സകൾ ഏറെ ഫലിക്കുമെന്നാണ് വിശ്വാസം.
മൺമറഞ്ഞവരുടെ ആത്മാക്കൾ പുനർജ്ജനിക്കുന്ന വേളയാണ് കർക്കടകമെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. കർക്കടകത്തിന്റെ അർദ്ധ പകുതിക്ക് ആത്മാക്കൾ വടക്കുകിഴക്കും വടക്കുപടിഞ്ഞാറും ഉറവ കൊള്ളുമത്രെ. അതുകൊണ്ടാണ് ബലിതർപ്പണത്തിന് അനുയോജ്യമായ മാസമെന്നും പറയുക. ആത്മാക്കൾക്ക് ആദ്യ ബലി തൂവുന്നത് സൂര്യനാണെന്നാണ് വിശ്വാസം. ശ്രീരാമ ദേവൻ പിതൃബലിയിട്ടത് കർക്കടകത്തിലാണ്.
കർക്കടകത്തെ വരവേൽക്കുന്നത് ഭവനങ്ങൾ ശുദ്ധി ചെയ്താണ്. ചില രോഗാവസ്ഥകൾ വർദ്ധിക്കുമെന്നതും വിശ്വാസമാണ്. വരവ് കുറഞ്ഞ് നീക്കിയിരിപ്പ് ഇല്ലാതാകുന്ന ദുരിതത്തെയാണ് മൂധേവിയെന്ന് വിളിക്കുക. മൂധേവിയെ പടിക്ക് പുറത്താക്കാൻ കർക്കടകത്തിൽ മുഖരിതമാവേണ്ട മഹാമന്ത്രമാണ് രാമനാമം. ഓരോ ഭവനങ്ങളിലും ശ്രീരാമ മന്ത്രം നിറയുമ്പോൾ മൂധേവി പുറത്താകും. സർവൈശ്വര്യത്തിന്റെയും അഷ്ടൈശ്വര്യത്തിന്റെയും പ്രതീകമായ ലക്ഷ്മീ ദേവിയാണ് ശ്രീദേവി. മൂധേവി പോയി ശ്രീദേവി വീടാകെ നിറയുമ്പോൾ ദുരിതങ്ങൾ പോയി നല്ലതുണ്ടാവുമെന്നാണ് വിശ്വസം. അപ്പോഴേക്കും ആണ്ടുപിറപ്പ് മാസമായ ചിങ്ങവും വന്നണയും. കൊവിഡ് കാലമായതിനാൽ കർക്കടകമാസത്തിൽ ഇക്കുറി ക്ഷേത്രങ്ങൾ കുറവാണ്. പക്ഷേ തുഞ്ചന്റെ പെെങ്കിളിപ്പെണ്ണ് പാടും എല്ലാ ഭവനങ്ങളിലും, ശ്രീരാമചന്ദ്രന്റെ ശീലുകൾ.