fish

 വരത്തൻ മത്സ്യത്തിനും വിലക്ക്

കൊല്ലം: ചന്തകളിൽ കുറച്ച് ദിവസത്തേക്ക് കടൽ മത്സ്യം കണികാണാൻ കിട്ടില്ല. മത്സ്യബന്ധനം പൂർണമായും നിരോധിച്ചതിന് പിന്നാലെ ജില്ലയ്ക്ക് പുറത്തുനിന്ന് മത്സ്യം കൊണ്ടുവരുന്നതിനും ജില്ലാ ഭരണകൂടം വിലക്ക് ഏർപ്പെടുത്തി. മത്സ്യക്കച്ചവടക്കാരിലൂടെ കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ജില്ലയിൽ ഇതുവരെ 19 മത്സ്യത്തൊഴിലാളികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ശാസ്താംകോട്ട, പന്മന, ഭാരതീപുരം സ്വദേശികളായ മത്സ്യക്കച്ചവടക്കാരിൽ നിന്നാണ് കൂടുതൽ പേരിലേക്ക് പടർന്നത്. ശാസ്താംകോട്ട സ്വദേശിയായ കച്ചവടക്കാരനിൽ നിന്ന് മത്സ്യം വിറ്റിരുന്ന ആഞ്ഞിലിമൂട് ചന്തയിലെ മറ്റ് കച്ചവടക്കാരും ബന്ധുകളും അടക്കം 44 പേർക്കാണ് കൊവിഡ് പടർന്നത്.

ജില്ലയിലെ ഹാർബറുകൾക്ക് പുറമേ മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മത്സ്യവും കച്ചവടക്കാർ വാങ്ങി വിൽക്കാറുണ്ട്. ഹാർബറുകളിലെത്തിയാൽ ചട്ടങ്ങൾ ലംഘിച്ച് മത്സ്യത്തൊഴിലാളികളുമായി അടുത്ത് ഇടപഴകും. അന്യസംസ്ഥാനങ്ങളിൽ നിന്ന് മത്സ്യവുമായി എത്തുന്ന ലോറിത്തൊഴിലാളികളുമായും സാമൂഹിക അകലം പാലിക്കാറില്ല. അന്യസംസ്ഥാന മത്സ്യത്തൊഴിലാളികളിൽ നിന്നോ ലോറിത്തൊഴിലാളികളിൽ നിന്നോ ആകാം ജില്ലയിലെ മത്സ്യക്കച്ചവടക്കാർക്ക് കൊവിഡ് പടർന്നതെന്നാണ് നിഗമനം.

പ്രതിദിനം എത്തുന്നത് 100 ടൺ

പ്രതിദിനം 100 ടൺ മത്സ്യമാണ് പുറത്ത് നിന്ന് ജില്ലയിലേക്ക് എത്തുന്നത്. രാജ്യവ്യാപകമായി ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ അതിർത്തി കടന്നുള്ള മത്സ്യവരവ് ഇടിഞ്ഞിരുന്നു. ജില്ലയിലെ ഹാർബറുകൾ അടഞ്ഞതോടെ കമ്മിഷൻ ഏജന്റുമാർ ഇടപെട്ട് കൂടുതൽ മത്സ്യം എത്തിക്കുകയായിരുന്നു. പാരിപ്പള്ളി, ചടയമംഗലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് വലിയ കമ്മിഷൻ ഏജൻസികൾ പ്രവർത്തിക്കുന്നത്. 25 ഓളം ചെറുകിട ഏജൻസികളും ജില്ലയിലുണ്ട്. ഇതിനെല്ലാം പുറമേ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മത്സ്യം വൻതോതിൽ വഴിയരികിൽ കച്ചവർക്കാർക്ക് വിൽക്കാറുമുണ്ട്. ഇതാണ് ഏറ്റവും കൂടുതൽ അപകടകരം.

കൊല്ലം തീരത്തെ മത്സ്യഗ്രാമങ്ങൾ: 5

വള്ളങ്ങൾ: 800

സ്ഥിരമായി പോകുന്നത്: 600

ലഭിക്കുന്ന മത്സ്യം: 25 - 40 ടൺ

കൊവിഡ് ബാധിച്ച മത്സ്യത്തൊഴിലാളികൾ: 19

സമ്പർക്ക ബാധിതർ: 44

അടച്ചുപൂട്ടിയവ

പൊതുമാർക്കറ്റുകൾ: 5

മത്സ്യ ചന്തകൾ: 56

ഇനി കായൽ മത്സ്യം മാത്രം

പുറത്ത് നിന്നുള്ള മത്സ്യത്തിന് നിരോധനം വന്നതോടെ ഹാർബറുകൾ തുറക്കുന്നത് വരെ ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യമേ ലഭിക്കൂ.

''

മത്സ്യക്കച്ചവടക്കാർ വഴി കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് പൊതു മാർക്കറ്റുകളും മത്സ്യ ചന്തകളും അടച്ചുപൂട്ടിയത്.

ബി. അബ്ദുൽ നാസർ

ജില്ലാ കളക്ടർ

''

ട്രോളിംഗ് നിരോധന കാലത്തെ കൊവിഡ് പ്രതിസന്ധി വല്ലാതെ വലച്ചു. കുടുംബങ്ങൾ ഓരോ ദിവസവും തള്ളിനീക്കുന്നത് പട്ടിണി മുന്നിൽ കണ്ടാണ്.

മത്സ്യത്തൊഴിലാളികൾ