കൊവിഡ് പേടിയിൽ ആളൊഴിഞ്ഞ് നാടും നഗരവും
കൊല്ലം: സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനം ജില്ലയിൽ വർദ്ധിച്ചതോടെ ജനം പുറത്തിറങ്ങാൻ ഭയക്കുകയാണ്. അവശ്യസാധനങ്ങൾ വാങ്ങാൻ പോലും കരുതലോടെയാണ് ഓരോ ചുവടും വയ്ക്കുന്നത്.
ഉറവിടമറിയാത്ത കൊവിഡ് കേസുകൾ വ്യാപകമാകുകയും ജില്ല സമൂഹവ്യാപനത്തിന്റെ പടിവാതിലിലെത്തിനിൽക്കുകയും ചെയ്യുന്നതിന്റെ ആശങ്കയിലാണ് നാടും നഗരവും. ജില്ലയിലെ ഇന്നലത്തെ കാഴ്ചകൾ ഇങ്ങനെ.
സമയം രാവിലെ 11: ദേശീയപാതയോരത്തെ കരുനാഗപ്പള്ളി പുതിയകാവ് ചിറ്റുമൂല മാർക്കറ്റ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് മീനും പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങാൻ ആയിരങ്ങൾ എത്തിയുന്നതാണ്. മാർക്കറ്റും മാർക്കറ്റ് കീറിമുറിച്ച് കടന്നുപോകുന്ന റോഡും വിജനം.
പച്ചമത്സ്യങ്ങൾ നിരക്കേണ്ട തട്ടുകൾ കാലിയായതിനാൽ സാധാരണ കാണുന്ന പൂച്ചകളോ നായ്ക്കളോ പോലുമില്ല.
പുതിയകാവ് മാർക്കറ്റിലെ സ്റ്റേഷനറി വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മാർക്കറ്റ് അടയ്ക്കുകയും പരിസരപ്രദേശങ്ങളടക്കം കണ്ടെയ്ൻമെന്റ് സോണുകളാക്കുകയും ചെയ്തു.
തൊട്ടടുത്തുള്ള ദേശീയപാത: ഇടയ്ക്കിടെ കടന്നുപോകുന്ന ഇരുചക്രവാഹനങ്ങളിലും ബസുകളിലും അപൂർവം യാത്രക്കാർ
കരുനാഗപ്പള്ളിയിലെത്തിയാൽ സിവിൽ സ്റ്റേഷനും പൊലീസ് സ്റ്റേഷനും സ്ഥിതി ചെയ്യുന്ന ഹൃദയഭാഗത്തുപോലും ആളുകൾ കുറവ്. വരുന്നവർക്കെല്ലാം പെട്ടെന്ന് മടങ്ങാൻ തിടുക്കം.
വർക്ക് ഷോപ്പുകളും മറ്റ് തൊഴിൽ ശാലകളും തുറന്നിട്ടുണ്ടെങ്കിലും ആവശ്യക്കാരില്ല.
ജില്ലയുടെ മലയോര മേഖലയിലും കടകളും കമ്പോളങ്ങളും അടഞ്ഞുകിടക്കുന്നു.
പലചരക്ക്, പച്ചക്കറി കടകൾ തുറന്നിട്ടുണ്ടെങ്കിലും ആവശ്യക്കാർ തീരെയില്ല.
ഹാർബറുകൾ അടഞ്ഞതോടെ നാട്ടിൻപുറങ്ങളിലെ മീൻ ചന്തകളെല്ലാം കാലി.
യാത്രക്കാരെ കാത്ത് ആട്ടോ - ടാക്സി വാഹനങ്ങൾ നിരന്നുകിടന്ന സ്റ്റാൻഡുകളും വിജനം.
അൺലോക്ക് നടപടികളുടെ ഭാഗമായി പ്രതീക്ഷയോടെ കടകൾ തുറന്ന വ്യാപാരികളുടെ മുഖത്തും നിരാശയുടെ കരിനിഴൽ.
പ്രായമായവരെയും കുഞ്ഞുങ്ങളെയും പുറത്ത് കാണാനേയില്ല.
ജില്ലയുടെ നഗരഹൃദയമായ ചിന്നക്കടയിലും പരിസരത്തും അപൂർവമായി വാഹനങ്ങളോടുന്നുണ്ടെങ്കിലും ലോക്ക് ഡൗൺ പിൻവലിച്ചതിന് പിന്നാലെയുണ്ടായ പരക്കം പാച്ചിലുകളില്ല.
സാമൂഹിക അകലം പാലിച്ചാണ് ഇടപാടുകൾ. പൊതുസ്ഥലങ്ങളിലും ബസുകളിലും അപരിചിതരെ കാണുമ്പോൾ ആളുകളുടെ മുഖത്ത് ഭീതിയുടെ നിഴലാട്ടം.
ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളായ കൊട്ടാരക്കര, പുനലൂർ, പത്തനാപുരം തുടങ്ങിയ മേഖലകളും ജില്ലാ അതിർത്തിയായ പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം തുടങ്ങിയ ഭാഗങ്ങളും കൊവിഡ് വ്യാപനഭീതിയിലാണ്.