lock

 പൂന്തുറ മോഡൽ സൂപ്പർ സ്‌പ്രഡിന് സാദ്ധ്യത

കൊല്ലം: ജില്ലയിൽ പലയിടങ്ങളിലും തിരുവനന്തപുരം പൂന്തുറ മോഡൽ സൂപ്പർ സ്‌പ്രഡിന് സാദ്ധ്യതയെന്ന് വിലയിരുത്തൽ. ഇപ്പോഴുള്ള കണ്ടെയ്ൻമെന്റ് നയന്ത്രണങ്ങൾ ഫലപ്രദമായില്ലെങ്കിൽ സാമ്പൂർണ അടച്ചിടലിലേക്ക് നീങ്ങാനുള്ള ആലോചനകൾ തുടങ്ങി.

ശാസ്താംകോട്ട, അഞ്ചൽ, ശൂരനാട്, നെടുമ്പന, ചവറ, ഏരൂർ, ഇളമാട്, തലച്ചിറ, പൊഴിക്കര, ഇരവിപുരം എന്നിവിടങ്ങളിലാണ് കൊവിഡ് തീവ്രമായി പടരുന്നത്. ഈ മേഖലകൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ഇവിടങ്ങളിൽ നിയന്ത്രണം കൈവിട്ടാൽ സൂപ്പർ സ്‌പ്രെഡ് ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

പ്രദേശങ്ങളിൽ പരിശോധന വർദ്ധിപ്പിച്ചതിനൊപ്പം ഉച്ചഭാഷിണി വഴി ബോധവത്കരണ പ്രചാരണവും വ്യാപകമാക്കി. ഏരൂർ, അലയമൺ, പുനലൂർ, ഇടമുളയ്ക്കൽ, ചടയമംഗലം എന്നിവിടങ്ങളും രോഗ വ്യാപന നിഴലിലാണ്. ഒട്ടുമിക്ക സ്ഥലങ്ങളിലും മത്സ്യക്കച്ചവടക്കാരാണ് രോഗ വ്യാപനത്തിന്റെ ഉറവിടം.

കൊല്ലം തീരം തുറക്കില്ല

സമ്പൂർണ മത്സ്യബന്ധന നിരോധനത്തിൽ ഇളവ് വരുത്തി കൊല്ലം തീരത്തെ വള്ളങ്ങൾക്ക് കടലിൽ പോകാൻ അനുമതി നൽകാനുള്ള ആലോചന കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉപേക്ഷിച്ചു. മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി കടുത്ത നിയന്ത്രണങ്ങളോടെ അനുമതി നൽകാനായിരുന്നു നീക്കം. ഇതാണിപ്പോൾ വേണ്ടെന്നുവച്ചത്.

കൊവിഡ് സ്ഥിതി

രോഗം സ്ഥിരീകരിച്ചത്: 606

രോഗമുക്തർ: 337

നിലവിൽ ചികിത്സയിലുള്ളവർ: 269

മരണം: 4

ഇതുവരെ നടത്തിയ പരിശോധന: 19,169

ഫലം വരാനുള്ളത്: 4,804

കൊവിഡ് സ്ഥിരീകരണം

ഈ മാസം 12ന്: 5

13ന്: 33

14ന്: 23

15ന്: 11

ഇന്നലെ: 42

തീവ്രമായി പടരുന്ന പ്രദേശങ്ങൾ

 ശാസ്താംകോട്ട  അഞ്ചൽ  ശൂരനാട്  നെടുമ്പന  ചവറ  ഏരൂർ  ഇളമാട്  തലച്ചിറ  പൊഴിക്കര  ഇരവിപുരം


''

രണ്ട് ദിവസം മുൻപുള്ള അവസ്ഥയിൽ നിന്ന് ജില്ല അതിവേഗം മാറി. പ്രതിദിന കൊവിഡ് കേസുകളും കൂടി. ഇതാണ് കൊല്ലം തീരം തുറക്കാനുള്ള ആലോചനയിൽ നിന്ന് പിന്മാറിയത്.

ജെ. മേഴ്സിക്കുട്ടിഅമ്മ, മന്ത്രി