പുനലൂർ: ഏതുനിമിഷവും വലിയൊരു അപകടത്തിന് കാതോർത്തിരിക്കുകയാണ് കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്തെ പ്ലാച്ചേരി ഭാഗം. റോഡിന്റെ വശങ്ങൾ വലിയൊരു കൊക്കയിലേക്ക് ഇടിഞ്ഞുതാണ് അപകടാവസ്ഥയിലായിട്ടും സംരക്ഷണഭിത്തി നിർമ്മിക്കാനുള്ള നടപടിയില്ല. വൻദുരന്തങ്ങൾക്കുശേഷമേ നടപടിയുണ്ടാകൂ എന്ന പതിവ് ശൈലി പിൻതുടരുകയാണ് ദേശീയ പാത അധികൃതരും ജനപ്രതിനിധികളും.
നാല് വർഷം മുമ്പ് പെയ്ത ശക്തമായ മഴയിലായിരുന്നു പാതയോരം ഇടിഞ്ഞു സമീപത്തെ കൊക്കയിൽ പോയത് .തുടർന്ന് ഇവിടെ മൺ ചാക്ക് അടുക്കി താൽക്കാലികമായി പാർശ്വഭിത്തി നിർമ്മിച്ച ശേഷം ഇതിനോട് ചേർന്ന് ക്രാഷ്ബാരിയറും സ്ഥാപിച്ചിരുന്നു. എന്നാൽ വീണ്ടും മഴ പെയ്തപ്പോൾ മൺചാക്ക് ഒലിച്ച് പോയതോടെ ക്രാഷ്ബാരിയറും ഇളകി മാറി. ഇതോടെ ഇവിടെ അപകട മേഖലയായി മാറി.
സൂചനാബോർഡ് പോലുമില്ല
ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന അന്തർ സംസ്ഥാന പാതയോരമാണ് മൂന്ന് വർഷമായി ഇടിഞ്ഞു കിടക്കുന്നത്.അപകട മേഖലയായ ഇവിടെ മുന്നറിയിപ്പിന് വേണ്ടി നിരത്തി വച്ചിരുന്ന ടാർ ബിപ്പകൾ എല്ലാം വാഹനങ്ങൾ ഇടിച്ച് നശിപ്പിച്ചു.പകരം ഒരു അപകട സൂചന ബോർഡ് സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
സംരക്ഷണ ഭിത്തിയില്ല
35 കോടിയോളം രൂപ ചെലവഴിച്ച് ദേശിയ പാതയിലെ പുനലൂർ മുതൽ അതിർത്തിയിലെ കോട്ടവാസൽ വരെയുളള 38 കിലോമീറ്ററോളം വരുന്ന റോഡ് റീ ടാറിംഗ് ചെയ്തു മനോഹരമാക്കി.ഇതിനൊപ്പം പാതയോരത്ത് ഓടയും, പാർശ്വഭിത്തികളും പണിതെങ്കിലും പ്ലാച്ചേരിയിൽ ഇടിഞ്ഞിറങ്ങിയ പാതയോരത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. ഇപ്പോൾ ഇടിഞ്ഞിറങ്ങിയ പാതയോരത്ത് കാട് വളർന്ന് ഉയർന്നതോടെ അപകടം പതിയിരിക്കുന്നത് അറിയാതെ വാഹനങ്ങൾ കുഴിയിൽ വീഴുമോ എന്ന ആശങ്കയിലാണ് സമീപവാസികൾ.
എന്നാൽ അപകടങ്ങൾ ഒഴിവാക്കാൻ നേരത്തെ ഇളകി മാറിയ ക്രാഷ്ബാരിയർ പുനഃസ്ഥാപിക്കാൻ ദേശിയ പാത അധികൃതരും ജന പ്രതിനിധികളും തയ്യാറാകുന്നില്ല.
150 അടിയോളം താഴ്ചയുളള കൊക്ക
പാതയോരത്ത് നിന്നും 150 അടിയോളം താഴ്ചയുളള കൊക്കയാണുളളത്. ഇത് വഴി വാഹനങ്ങൾ നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിഞ്ഞാൽ വൻ ദുരന്തങ്ങൾകാണേണ്ടി വരും. അയൽ സംസ്ഥാനങ്ങളിൽ നിന്നും 60 ടണിൽ അധികം ഭാരം കയറ്റിയ ചരക്ക് ലോറികളാണ് ഇത് വഴി കടന്ന് പോകുന്നത്.
ദേശീയ പാതയുടെ സ്ഥല അതിർത്തി സംബന്ധിച്ച് തർക്കമുണ്ട്. എന്നാൽ റീസർവേ പൂർത്തിയാകാത്തത് കാരണം അതിർത്തി സ്ഥാപിച്ച് സംരക്ഷണഭിത്തിയുടെ എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിനും കഴിഞ്ഞിട്ടില്ല.
ദേശീയ പാത അധികൃതർ