chicken

 ഒരുമാസത്തിനിടെ കൂടിയത് 40 രൂപ

കൊല്ലം: ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കൊവിഡ് ഭീതിയിൽ ഹാർബറുകൾ അടച്ചതോടെ മീൻകറിയില്ലാതെ ഊണ് കഴിക്കേണ്ട അവസ്ഥയിലാണ് കൊല്ലത്തുകാർ. ഇതോടെ കോഴി വില കൂകിപ്പറക്കുകയാണ്. ഒരുമാസം മുമ്പ് കിലോഗ്രാമിന് 75 രൂപയായിരുന്ന കോഴിക്ക് ഇന്നലെ നാട്ടിൻപുറങ്ങളിൽ 115 രൂപയായി. നഗരപ്രദേശങ്ങളിൽ നൂറും. നാലാഴ്ചകൾക്കകം കൂടിയത് 25 മുതൽ 40 രൂപവരെയാണ്.

ട്രോളിംഗ് നിരോധനത്തിന് പിന്നാലെയാണ് കോഴി വിലയിൽ ചാഞ്ചാട്ടം തുടങ്ങിയത്. ഒരാഴ്ച പിന്നിട്ടപ്പോഴേക്കും വില 85ലെത്തി.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കോള് ലഭിച്ച് തുടങ്ങിയപ്പോഴാണ് കൊവിഡിനെ തുടർന്ന് ഹാർബറുകൾ പൂട്ടിയത്. പിന്നാലെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മീനിന്റെ വരവും കുറഞ്ഞു. വരുന്ന മത്സ്യങ്ങൾ വിഷം ഭയന്ന് ആളുകൾ വാങ്ങാതെയായി. ചന്തകൾ അടഞ്ഞതോടെ ഉണക്കമീനും കിട്ടാനില്ലാതായി. ഹോട്ടലുകൾ പാഴ്സൽ സർവീസ് ആരംഭിച്ചതും കന്നുകാലികളുടെ വരവ് നിലച്ചതും കോഴിയുടെ ഡിമാൻഡ് കൂട്ടി.

ഉല്പാദന കേന്ദ്രങ്ങളിൽ മത്സരം

ഇറച്ചിക്കോഴി വളർത്തൽ കേന്ദ്രങ്ങളിൽ കച്ചവടക്കാരുടെ മത്സരമാണ്. ഡിമാൻഡ് വർദ്ധിച്ചതോടെ ഉല്പാദന കേന്ദ്രങ്ങളിൽ കിലോയ്ക്ക് പത്തുരൂപവരെ കൂടി. വണ്ടിവാടക, കയറ്റിറക്ക് കൂലി, ഇടനിലക്കാരുടെ കമ്മിഷൻ, കച്ചവടക്കാരുടെ ലാഭം എന്നിവ കൂടിയപ്പോൾ വില കിലോഗ്രാമിന് നാൽപ്പത് രൂപവരെ ഉയർന്നു. ജില്ലയുടെ കായൽ തീരപ്രദേശങ്ങളിൽ അപൂർവമായി കായൽ മത്സ്യങ്ങൾ വിൽപ്പന നടക്കുന്നുണ്ടെങ്കിലും അവയ്ക്കും മുന്തിയ വിലയാണ്.

കോഴിവില കിലോ ഗ്രാമിന്

ജൂൺ ആദ്യവാരം: 75 രൂപ

ജൂൺ അവസാനം: 95-100

ജൂലായ് രണ്ടാം വാരം: 100-115

''

വിൽപ്പന മൂന്നിരട്ടിയായി ഉയർന്നു. സാധാരണ 30 കിലോ കഷ്ടിച്ച് വിറ്റിരുന്നിടത്ത് ഇപ്പോൾ 100 കിലോയിലധികമായി.

റഹിം, ചിക്കൻ സെന്റർ ഉടമ

കരുനാഗപ്പള്ളി