shabna
ഷബ്ന

 സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

അഞ്ചാലുംമൂട്: നീരാവിൽ ആണിക്കുളത്ത് ചിറവീട്ടിൽ ഇബ്രാഹിംകുട്ടി, റജില ദമ്പതികളുടെ മകൾ ഷബ്‌നയെ (18) കാണാതായിട്ട് ഇന്ന് രണ്ട് വർഷം പിന്നിടുമ്പോഴും തുമ്പൊന്നും ലഭിക്കാതെ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. അതേസമയം രക്ഷാകർത്താക്കളുടെയും ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി.
2017 ജൂലായ് 17ന് കടവൂരിലെ സ്വകാര്യ പി.എസ്.സി സെന്ററിലേക്ക് പതിവുപോലെ പോയതാണ് ഷബ്‌ന. കാണാതായതിനെ തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ കൊല്ലം ബീച്ചിന് സമീപം കൊച്ചുപിലാംമൂട് ഭാഗത്തുകൂടി നടന്നുപോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തി. കടപ്പുറത്ത് നിന്ന് ഷബ്‌നയുടെ ബാഗും ചെരിപ്പുകളും ലഭിക്കുകയും ചെയ്തു. കോസ്റ്റൽ പൊലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ കടലിൽ തെരച്ചിൽ നടത്തിയെങ്കിലും വിഫലമായി. ഷബ്‌നയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സംശയിച്ച ബന്ധുവായ കാഞ്ഞാവെളി സ്വദേശി യുവാവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും തുമ്പൊന്നും ലഭിച്ചില്ല.

സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ 2019 ജനുവരി 21ന് തമിഴ്നാട്ടിലെ വിരുദ്നഗറിലെ ഒരു കമ്പ്യൂട്ടറിൽ നിന്ന് ഷബ്നയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചതായി കണ്ടെത്തി. എന്നാൽ ഇതുകേന്ദ്രീകരിച്ചുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഈ കണ്ടെത്തൽ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ഷബ്‌നയുടെ തിരോധാനത്തിൽ അന്യസംസ്ഥാനത്തുള്ളവരുടെ പങ്കും രക്ഷിതാക്കൾ സംശയിക്കുന്നു. ഇവയെല്ലാം ചൂണ്ടിക്കാട്ടി സി.ബി.ഐ പോലുള്ള ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

 3 ലക്ഷം രൂപ പാരിതോഷികം
ഷബ്‌നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം ലഭിക്കും. കേരളാ പൊലീസ് രണ്ട് ലക്ഷം രൂപ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ അൻപതിനായിരം രൂപയും പ്രഖ്യാപിച്ചിരുന്നു. ഈ പാരിതോഷികം ഒരു ലക്ഷമായി ഉയർത്തിയതായി ആക്ഷൻ കൗൺസിൽ കൺവീനർ രാജേഷ് തൃക്കാട്ടിൽ ' കേരള കൗമുദി'യോട് പറഞ്ഞു. ഇതോടെ പാരിതോഷിക തുകയായി മൂന്ന് ലക്ഷം രൂപയാണ് ഷബ്നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ലഭിക്കുക.