കൊല്ലം: നെല്ലിക്കുന്നം കടാട്ട് ഏലാ കാർഷിക സമൃദ്ധിയിലേക്ക്. അറുപത് ഏക്കർ പാടത്ത് ഇന്ന് വിത്തെറിയും. ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ ഏലയാണിത്. പണ്ടുകാലത്ത് നെൽക്കൃഷിയായിരുന്നു ഈ നാടിന്റെ മുഖ്യ തൊഴിലിടം. കിലോമീറ്ററുകൾ ദൈർഘ്യമുള്ള ഏലായിൽ പഴമക്കാരുടെ വിയർപ്പിന്റെ വിജയകഥകളുണ്ട്. എന്നാൽ വെള്ളം കയറിയും പണിക്കാരെ കിട്ടാതെവന്നും മറ്റും കൃഷി നാശത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ ഓരോരുത്തരായി നെൽക്കൃഷിയെ പാടത്തുനിന്നും ഇറക്കിവിട്ടു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കടാട്ട് ഏലായിൽ നെൽക്കൃഷി തിരിച്ചുകൊണ്ടുവരുന്നത്. 150 ഏക്കർ നിലമാണ് ഇവിടെ അവശേഷിക്കുന്നത്. ഇതിൽ അറുപത് ഏക്കർ നിലത്താണ് ആദ്യഘട്ടത്തിൽ കൃഷിയിറക്കുന്നത്. 41 പേരുടെ ഉടമസ്ഥതയിലുള്ള ഭൂമി അളന്ന് അതിർത്തി നിശ്ചയിക്കുന്നതിന് തന്നെ ഒരു മാസം വേണ്ടിവന്നു. ഇനിയും അറുപത് പേരുടെ ഭൂമി അതിർത്തി നിർണയിക്കാൻ ശേഷിക്കുന്നുണ്ട്. വിരമിച്ച സർവെ ഉദ്യോഗസ്ഥരെ വരെ ഉപയോഗിച്ചായിരുന്നു ശ്രമകരമായി അതിർത്തി നിർണയിച്ചത്. പിന്നീട് മണ്ണിളക്കി നിരപ്പാക്കി, പൂട്ടിയടിച്ച് കൃഷിയ്ക്ക് യോജ്യമാക്കി.
കാർഷിക പദ്ധതിയ്ക്കായി അനുവദിച്ചത്.
ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപയും
വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപയും
ജില്ലാ പഞ്ചായത്ത് 3 ലക്ഷം രൂപയുമാണ്
പുതിയ തോട് നിർമ്മിച്ചു
ഏലായുടെ ഓരത്തുകൂടി പണ്ടുമുതൽ ഉള്ള തോട് നവീകരിച്ച് ഭൂവസ്ത്രം അണിയിച്ചതോടെ നീരൊഴുക്ക് സുമഗമമായി. ഏലായ്ക്ക് നടുവിൽക്കൂടി പുതിയ തോട് നിർമ്മിക്കാൻ കഴിഞ്ഞതാണ് വലിയ അനുഗ്രഹം. ഏലായിൽ വെള്ളം കെട്ടി നിൽക്കുന്നതിന് തടയിടാൻ ഇത് ഉപകരിച്ചു. കൃഷിയ്ക്ക് ആവശ്യമായ ജലം ലഭിക്കുന്നതിനും ഇത് സഹായകരമാണ്. ജെ.സി.ബി ഉപയോഗിച്ച് ഏറെ പരിശ്രമിച്ചാണ് പുതിയ തോട് നിർമ്മിച്ചത്.
ഉമ നെൽവിത്ത്
കൃഷി ഭവനിൽ നിന്നും എത്തിച്ച ഉമ നെൽവിത്തുകളാണ് വിതയ്ക്കുന്നത്. കന്നിക്കൊയ്ത്തിന് കഴിയുമെന്ന പ്രതീക്ഷയുണ്ട്. വിളവെത്തിയില്ലെങ്കിൽ തുലാമാസത്തിലേക്ക് മാറുമെന്ന് മാത്രം. പണ കോരിയ പാടത്ത് വാഴയും പച്ചക്കറികളുമടക്കം കൃഷി ചെയ്യുന്നുണ്ട്. കുരുമുളക് വള്ളികളും നട്ടുപിടിപ്പിക്കും. മത്സ്യകൃഷിയ്ക്കും പദ്ധതിയുണ്ട്.
മന്ത്രി വിത്തെറിയും
ഇന്ന് രാവിലെ 10ന് മന്ത്രി കെ.രാജു കടാട്ട് ഏലായിൽ നെൽവിത്തെറിഞ്ഞ് കാർഷിക പദ്ധതി ഉദ്ഘാടനം ചെയ്യും. പി.ഐഷാപോറ്റി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊലിക്കോട് മാധവൻ, വൈസ് പ്രസിഡന്റ് മഞ്ജുമോഹൻ, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ.ടി.ഡാനിയേൽ, ജില്ലാ പഞ്ചായത്തംഗം കെ.ജഗദമ്മ, പി.കെ.ജോൺസൺ, ആർ.ബാലചന്ദ്രൻ പിള്ള, ജി.മുരളീധരൻപിള്ള, പത്മകുമാരി, പി.വി.അജിത് കുമാർ, എൽസമ്മ ജോണി, ഗീതാ കസ്തൂർ, അമ്പിളി ശിവൻ, ആർ.സുലോചന, എം.ഉഷ, കൃഷി ഓഫീസർ സൗമ്യ.ബി.നായർ എന്നിവർ പങ്കെടുക്കും.