മൂന്ന് പേർ നേരത്തേ അറസ്റ്റിലായിരുന്നു
തഴവ: മുൻ വാതിൽ അടിച്ചു തകർത്ത് വീട്ടിനുള്ളിൽ കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഏഴംഗ സംഘത്തിലെ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. ഓച്ചിറ വയനകം മേനേഴത്ത് വീട്ടിൽ ഹരികൃഷ്ണൻ (20) , ഓച്ചിറ ഞക്കനാൽ അനന്തു ഭവനിൽ അനന്തു (24) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വെളുപ്പിന് 3 മണിയോടെ കുലശേഖരപുരം കടത്തൂർ കുന്നേൽ വടക്കതിൽ സലീമിന്റെ മകൻ ഹുസൈനെയാണ് മാരകായുധങ്ങൾ ഉപയോഗിച്ച് സംഘം ഗുരുതരമായി പരിക്കേൽപ്പിച്ചത്. പ്രതികളിൽ മൂന്ന് പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കരുനാഗപ്പള്ളി എസ്.എച്ച്.ഒ. മഞ്ജുലാലിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്യാംലാൽ, ഗ്രേഡ് എസ്.ഐ രാജേന്ദ്രൻ, ജൂനിയർ എസ്.ഐ ഷിഹാസ്, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒമാരായ രാജീവ്, രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.