navas
ശാസ്താംകോട്ട പഞ്ചായത്തിനെ റെഡ് സോണിൽ ഉൾപ്പെടുത്തി നിരീക്ഷണം ശക്തമാക്കിയതോടെ ആവിശ്യ സാധനങ്ങൾ കൺസ്യുമർ ഫെഡ് വീട്ട് പടിക്കലെത്തിച്ചു വിതരണം ചെയ്യുന്നു

ശാസ്താംകോട്ട: കൊവിഡ് വ്യാപനം രൂക്ഷമായ ശാസ്താംകോട്ട പഞ്ചായത്തിനെ റെഡ് സോണിൽ ഉൾപ്പെടുത്തിയതോടെ കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിൽ അവശ്യസാധനങ്ങൾ
വീട്ടിലെത്തിച്ച് തുടങ്ങി. ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യ വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട കൂടുതൽ രോഗികളുള്ള ശാസ്താംകോട്ട പഞ്ചായത്തിലെ രാജഗിരി , പള്ളിശ്ശേരിക്കൽ, മനക്കര വാർഡുകളിലാണ് പ്രധാനമായും അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നത്. രോഗ വ്യാപന സാദ്ധ്യത കൂടുതലായതിനാലും താലൂക്ക് ആശുപത്രിയിലെ കൊവിഡ് പരിശോധന നിറുത്തിവച്ചിരിക്കുന്നതിനാലും പ്രൈമറി, സെക്കൻഡറി സമ്പർക്ക പട്ടികയിലുള്ളവർ ഗൃഹ നിരീക്ഷണത്തിൽ തുടരാനാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. അവശ്യസാധനങ്ങൾക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കാനായാണ് കൺസ്യൂമർ ഫെഡിന്റെ മൊബൈൽ യൂണിറ്റ് അവശ്യ സാധനങ്ങളുമായി വീട്ടുമുറ്റത്തെത്തിയത്. ആവശ്യമെങ്കിൽ കൺസ്യൂമർ ഫെഡ് കൂടുതൽ യൂണിറ്റുകൾ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.