തിരുവനന്തപുരം: വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനം താൽക്കാലികമായി അടച്ചു. നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷനിൽ നിന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഡ്യൂട്ടിക്കെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോക്കൽ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലിരിക്കെ കണ്ടെയ്ൻമെന്റ് സോണുകളിലുൾപ്പെടെ കൃത്യനിർവ്വഹണത്തിലേർപ്പെടേണ്ടിവന്ന ഇവർക്ക് സമ്പർക്കത്തിലൂടെയാകാം രോഗബാധയുണ്ടായതെന്നാണ് നിഗമനം. ലോക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് ക്രൈംബ്രാഞ്ചിലേക്ക് മാറുന്നതിന് മുമ്പ് ഹോം ക്വാറന്റൈനിലായിരുന്ന ഇവരുടെ സ്രവ പരിശോധനാഫലം കഴിഞ്ഞദിവസം പുറത്ത് വന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇവരുമായി അടുത്തിടപഴകിയ വനിതാ പൊലീസുകാരുൾപ്പെടെ പൊലീസുദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ എട്ടു മുതൽ അടച്ചിരിക്കുന്ന ആസ്ഥാനം അണുവിമുക്തമാക്കിയ ശേഷമേ തുറന്ന് പ്രവർത്തിക്കൂ. പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സേനാംഗങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി പൊലീസ് ആസ്ഥാനത്തും ഇന്ന് മുതൽ ഓഫീസർമാരുൾപ്പെടെ അത്യാവശ്യമുള്ളവർ മാത്രം ജോലിക്കെത്തിയാൽ മതിയെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
നാളെയും മറ്റന്നാളും കർക്കടവാവ് ബലി പ്രമാണിച്ച് തിങ്കളാഴ്ചയും ഓഫീസ് തുടർച്ചയായി അവധിയായ സാഹചര്യത്തിലാണ് അത്യാവശ്യ ജീവനക്കാർ മാത്രം ഹാജരായാൽ മതിയെന്ന് നിർദേശിച്ചിരിക്കുന്നത്. ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലും മാസ്ക് ധരിക്കുന്നതുൾപ്പെടെ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.