പണം തരും പാൽ കൂണും ചിപ്പി കൂണും
കൊല്ലം: പ്രതിസന്ധികളെ കൃഷിയിലൂടെ അതിജീവിക്കാൻ ലോക്ക് ഡൗൺ കാലത്ത് മണ്ണിലിറങ്ങിയ യുവാക്കൾ സ്വന്തമാക്കിയത് കൂൺ കൃഷിയിൽ 'കൂൾ' വിജയം. കൊവിഡ് കാലത്ത് സംസ്ഥാനത്ത് കൂൺ കൃഷി വർദ്ധിച്ചെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു.
യുവാക്കൾ മാത്രമല്ല, വീട്ടമ്മമാരും വിദ്യാർത്ഥികളും വരെ വ്യാവസായികാടിസ്ഥാനത്തിൽ കൂൺ കൃഷിയിലേക്കിറങ്ങി. അടുക്കള തോട്ടത്തിന്റെ മാതൃകയിൽ വീട്ടിലേക്ക് ആവശ്യമായ കൂൺ കൃഷി ചെയ്‌തെടുക്കുന്നവരുടെ എണ്ണവും കൂടി. മറ്റ് കൃഷികളെ അപേക്ഷിച്ച് കുറഞ്ഞ മുതൽ മുടക്കും ചെറിയ പരിപാലനവും മതിയാകുമെന്നതാണ് കൂൺ കൃഷിയെ ജനകീയമാക്കിയത്. ആവശ്യക്കാരേറെ ഉള്ളതിനാൽ വിപണിയിലും ബുദ്ധിമുട്ടില്ല. ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ഓൺലൈൻ വിപണി തുറന്ന കർഷകരും ധാരാളം. 200 ഗ്രാമിന്റെ ചെറിയ കവറുകളിൽ സ്റ്റേഷനറി കടകളിലും സൂപ്പർ മാർക്കറ്റുകളിലും കൂൺ ലഭ്യമാണ്. 75 രൂപ മുതൽ പ്രദേശത്തിന്റെ സ്വഭാവം അനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും.
വർഷം മുഴുവൻ കൃഷി ചെയ്യാം
വർഷത്തിൽ എല്ലാ ദിവസവും കൃഷി ചെയ്യാൻ കഴിയുമെന്നതാണ് കൂണിന്റെ പ്രത്യേകത. പാൽകൂൺ, ചിപ്പി കൂൺ എന്നിവയാണ് പ്രധാന ഇനങ്ങൾ. 40 ദിവസം കൊണ്ട് മുളയ്ക്കുന്ന പാൽ കൂൺ രണ്ട് മാസം വരെ വിളവെടുക്കാം. വിളവെടുത്താൻ നാല് ദിവസം വരെ ഉപയോഗിക്കാനാകും. ഒറ്റയായി വളരുന്നതാണ് പാൽ കൂണിന്റെ സ്വഭാവമെങ്കിൽ കൂട്ടമായി വളരുന്നതാണ് ചിപ്പി കൂണിന്റെ രീതി.
കൃഷി രീതി ഇങ്ങനെ
1. വൈക്കോൽ, വാഴയുടെ ഉണങ്ങിയ ഇലയും തണ്ടും, കരിമ്പിൻ ചണ്ടി, അറക്കപ്പൊടി തുടങ്ങിയവയിൽ കൂൺ വളർത്താം
2. കൃഷി ചെയ്യാൻ മുറി, അല്ലെങ്കിൽ പ്രത്യേകം തയ്യാറാക്കിയ ടെറസ് എന്നിവ ഉപയോഗിക്കാം
3. വൈക്കോലാണ് ഉപയോഗിക്കുന്നതെങ്കിൽ പത്ത് മണിക്കൂർ വെള്ളത്തിൽ ഇട്ടുവയ്ക്കണം
4. ഒരു മണിക്കൂർ ആവിയിൽ പുഴുങ്ങാം. അത് കഴിഞ്ഞ് 50 ശതമാനം ഉണക്കുക. പിന്നീട് പ്ലാസ്റ്റിക് കവറിൽ നിറയ്ക്കുക
5. രണ്ട് ഇഞ്ച് വൈക്കോൽ നിറച്ച ശേഷം കൂൺ വിത്ത് ഇടണം
ഇങ്ങനെ നാല് ഘട്ടങ്ങളിലായി സാധാരണ കവറിൽ വിത്തിടാം
6. കവറിന്റെ തുറന്ന ഭാഗം മൂടിക്കെട്ടി വൃത്തിയുള്ള ആണി ഉപയോഗിച്ച് കവറിൽ സുഷിരങ്ങളിട്ട് തൂക്കിയിടാം
കൂൺ വില:
400 രൂപ (കിലോ ഗ്രാം)
പരിശീലനവും വിത്തും എവിടെ ?
സർക്കാർ നിയന്ത്രണത്തിലുള്ള വിവിധ കൃഷി വിജ്ഞാന കേന്ദ്രങ്ങളിൽ പരിശീലനവും വിത്തും ലഭിക്കും. യൂ ട്യൂബ് നോക്കി കൂൺ കൃഷിയെ കുറിച്ച് മനസിലാക്കുന്നവരുമുണ്ട്. കൂൺ കൃഷി ചെയ്യുന്നവരുടെ വിവിധ സമൂഹ മാദ്ധ്യമ ഗ്രൂപ്പുകളും സജീവം.
കൃഷി വിജ്ഞാന കേന്ദ്രം സദാനന്ദപുരം, കൊട്ടാരക്കര: 0474 2663599
കൃഷി വിജ്ഞാന കേന്ദ്രം, തെളിയൂർ, പത്തനംതിട്ട: 0469 2662094
കൃഷി വിജ്ഞാന കേന്ദ്രം, കായംകുളം: 0479 2449268
''
വിവിധ യൂ ട്യൂബ് വീഡിയോകളാണ് കൂൺ കൃഷിയിലേക്ക് ആകർഷിച്ചത്. കൃഷി ചെയ്ത് തുടങ്ങിയിട്ടുണ്ട്.
അമൽ ദേവ്, മുഖത്തല