മനുഷ്യർക്ക് മാത്രമല്ല മറ്റു ജീവജാലങ്ങൾക്കുമുണ്ട് ദാഹം. അസഹ്യമായ ദാഹം കാരണം വെള്ളം ചോദിച്ചു വാങ്ങുന്ന അണ്ണാൻ സോഷ്യൽ മീഡിയയിൽ വൈറലാണ്. പാർക്ക് അല്ലെങ്കിൽ കാഴ്ചബംഗ്ലാവ് പോലെ തോന്നിക്കുന്ന ഒരിടത്ത് ദാഹിച്ചു വലഞ്ഞു നിൽക്കുകയാണ് അണ്ണാൻ. അപ്പോൾ അതുവഴി പോയ ഒരു കുടുംബത്തിലെ ഒരാളുടെ കൈയിലെ കുപ്പിവെള്ളം കണ്ടതും അയാളുടെ പുറകെ വച്ചുപിടിച്ചു ആശാൻ. എന്നിട്ട് പിൻകാലുകളിൽ നിവർന്ന് നിന്ന് മുൻകാലുകൾ ഉയർത്തിയായിരുന്നു അണ്ണാന്റെ വെള്ളത്തിനായുള്ള യാചന. ആദ്യം അണ്ണാൻ എന്താണ് ചെയ്യുന്നത് എന്ന് മനസിലായില്ലെങ്കിലും കൂട്ടത്തിലൊരാൾ അണ്ണാന്റെ ആവശ്യം തിരിച്ചറിഞ്ഞു. പക്ഷെ എങ്ങനെ വെള്ളം അണ്ണന് കൊടുക്കും? നിരവധി ആലോചനയെത്തുടർന്ന് അടപ്പ് തുറന്നു കുപ്പിയുടെ വായ് ഭാഗം അടുപ്പിച്ചതും അണ്ണാൻ കുപ്പിയിൽ നിന്ന് നേരിട്ട് വാങ്ങി വെള്ളം കുടിക്കാൻ തുടങ്ങി. കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന വെള്ളം മുഴുവൻ കുടിച്ച് തീരും വരെ പിൻകാലുകളിൽ നിവർന്നായിരുന്നു അണ്ണാന്റെ നിൽപ്പ്. ആവശ്യത്തിന് വെള്ളം കുടിച്ച ശേഷം അതെ രീതിയിൽ ഒരു നിമിഷം നിന്ന ശേഷം അണ്ണാൻ ഓടിമറഞ്ഞു. ആരാണ്,ഏതാണ് കുടുംബവും എന്നതിനെപ്പറ്റി വിവരമില്ലെങ്കിലും ധാരാളം പേരാണ് ഈ സദ് പ്രവർത്തിയെ പ്രശംസിച്ചത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് അണ്ണാന്റെ വീഡിയോ ട്വിറ്ററിലൂടെ ഷെയർ ചെയ്തത്. 41 സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം. 44000 ത്തിൽ കൂടുതൽ പേർ ഇതിനകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞു.