കരാറുകാർക്ക് വേണ്ട
കൊല്ലം: നിർമ്മാണം ഏറ്റെടുക്കാൻ കരാറുകാരെത്താത്തതിനാൽ കരുനാഗപ്പള്ളി, ചവറ മണ്ഡലങ്ങളിലെ പ്രധാന റോഡുകളുടെ നവീകരണ പ്രവർത്തനം മുടങ്ങി. എസ്റ്റിമേറ്റ് തുക റിവൈസ് ചെയ്ത് രണ്ടാം തവണ ടെൻഡർ ചെയ്തിട്ടും നിർമ്മാണം ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകാത്തതിനാൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒരു ഡസനോളം റോഡുകളുടെ നവീകരണമാണ് അനിശ്ചിതത്വത്തിലായത്. സ്വന്തമായി ടാർ മിക്സിംഗ് പ്ളാന്റുള്ള കരാറുകാർ ഏറ്റെടുക്കേണ്ട ജോലികളാണ് മുടങ്ങിയത്. ജില്ലയിൽ സ്വന്തമായി ടാർ മിക്സിംഗ് പ്ളാന്റുകളുള്ള കരാറുകാർ കുറവാണ്. പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ വൻകിട കരാറുകാരാണ് മുമ്പ് ജില്ലയിലെ മേജർ വർക്കുകൾ ചെയ്തുകൊണ്ടിരുന്നത്. ഇവർക്കെല്ലാം സ്വന്തം ജില്ലയിൽ വലിയ മരാമത്ത് പണികളുള്ളതിനാലാണ് കൊവിഡ് കാലത്ത് ജില്ലവിട്ട് ജോലികളേറ്റെടുക്കാൻ ആരും തയ്യാറാകാത്തത്. കൊവിഡ് വ്യാപകമാകുന്നതിന് മുമ്പ് കഴിഞ്ഞ വേനൽക്കാലത്ത് ടെൻഡർ ചെയ്ത റോഡുകളാണ് ഇവയിൽ പലതും.
കരാറെടുക്കാത്ത റോഡുകളും
എസ്റ്റിമേറ്റ് തുകയും
കരുനാഗപ്പള്ളി
കരുനാഗപ്പള്ളി - ആലും കടവ് റോഡിന്റെ രണ്ട് കിലോമീറ്റർ ഭാഗവും രണ്ട് കലുങ്കുകളുടെ നിർമ്മാണവും - 2 കോടി
ഓച്ചിറ- ആയിരംതെങ്ങ് റോഡ്. 2.5 കി.മീ. പാച്ച് വർക്ക് - 33ലക്ഷം
ചവറ
കല്ലുംപുറത്ത് മുക്ക് - അരിനല്ലൂർ ബോട്ട് ജെട്ടി റോഡ്- 1.20 കോടി
ചാമ്പക്കടവ്- കല്ലുംമൂട് മുക്ക്- 80 ലക്ഷം
ശങ്കരമംഗലം- കോവിൽത്തോട്ടം- 75ലക്ഷം
ക്യു.എ റോഡ്- പണ്ടകശാലക്കടവ് -1കോടി
മഠത്തിൽമുക്ക്- തെരുവിൽമുക്ക് -1.80 കോടി
പനയന്നാർ കാവ് - സി.എം.എസ് സ്കൂൾ - 2.75 കോടി
കുന്നേൽമുക്ക് -പുത്തൻസങ്കേതം - 1.70കോടി
കൊറ്റൻകുളങ്ങര - ചോല. 1.50 കോടി
ചേനങ്കര - ഭരണിക്കാവ്-1.50 കോടി.
രണ്ട് തവണ ടെൻഡർ ചെയ്ത റോഡുകളാണ് മിക്കതും. ടാർ മിക്സിംഗ് പ്ളാന്റുള്ള കരാറുകാർക്കേ ഈ റോഡുകളുടെ നിർമ്മാണം ഏറ്റെടുക്കാനാവൂ. അത്തരം കരാറുകാർ ജോലി ഏറ്രെടുക്കാൻ കൂട്ടാക്കാത്തതാണ് റോഡ് നവീകരണം ആരംഭിക്കുന്നതിന് തടസം.
അസി. എക്സി. എൻജിനീയർ, പൊതുമരാമത്ത് വിഭാഗം, കരുനാഗപ്പള്ളി
ജോലി ഏറ്റെടുക്കാൻ ആളില്ല
എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് വീണ്ടും ടെൻഡർ ചെയ്തിട്ടും ജോലി ഏറ്റെടുക്കാൻ ആളില്ലാത്തതാണ് നിലവിലെ പ്രശ്നം. റോഡ് വീതികൂട്ടൽ, ഉയർത്തൽ, ഓടകളുടെയും കലുങ്കുകളുടെയും നവീകരണം തുടങ്ങിയവയും മരാമത്ത് ജോലികൾക്ക് അനുബന്ധമായി ചേയ്യേണ്ടതുണ്ട്. മഴയ്ക്ക് മുമ്പ് റോഡുകളിൽ പാച്ച് വർക്ക് ചെയ്തതിനാൽ യാത്രയ്ക്ക് വലിയ ബുദ്ധിമുട്ടില്ലെങ്കിലും മഴക്കാലത്ത് റോഡ് വീണ്ടും തകർന്നാൽ ഗതാഗതം ദുഷ്കരമാകും.