photo
കൊട്ടാരക്കര- ശാസ്താംകോട്ട റോഡിൽ കോട്ടാത്തല പാട്ടത്തിൽ ഭാഗത്ത് റോഡിന്റെ വശം കോൺക്രീറ്റ് ചെയ്യുന്നു

കൊല്ലം: കൊട്ടാരക്കര- ശാസ്താംകോട്ട റോഡിൽ രണ്ടാം ഘട്ട നിർമ്മാണ ജോലികൾ തുടങ്ങി. ടാറിംഗിനോട് ചേർന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഒരു മീറ്റർ വീതിയിലാണ് കോൺക്രീറ്റ് നടത്തുന്നത്. ടാറിംഗ് കൂടുതൽക്കാലം ഇളകാതെ നിലനിൽക്കുന്നതിനും വാഹന ഗതാഗതത്തിന് ഉതകുന്ന വിധത്തിൽ റോഡിന് വീതി കൂടുന്നതിനും ഇത് ഉപകരിക്കും. പ്രധാന കവലകളിൽ ഇന്റർലോക്ക് പാകിയാണ് വശങ്ങൾ സംരക്ഷിക്കുന്നത്. ഓടകൾ തെളിച്ച് മൂടി സ്ഥാപിക്കുന്ന ജോലികൾ നേരത്തെ നടത്തിയിരുന്നു. പതിവ് വെള്ളക്കെട്ടുള്ള ഭാഗങ്ങളിലെല്ലാം ഓടകൾ വേണ്ടുംവിധത്തിൽ നിർമ്മിച്ച് ഇതിന് പരിഹാരമുണ്ടാക്കി. കലുങ്കുകളും നിർമ്മിച്ച ശേഷം ഒന്നാം ഘട്ട ടാറിംഗും നടത്തിയിരുന്നതാണ്. റോഡിന്റെ വശങ്ങളിലെ കൈയ്യേറ്റ ഭൂമികൾ വീണ്ടെടുത്ത് നിരപ്പാക്കിയിട്ടുണ്ട്.

20.80 കോടി

രൂപയുടെ പദ്ധതി

സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി ശാസ്താംകോട്ട - കൊട്ടാരക്കര നീലേശ്വരം -കോടതി സമുച്ചയം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 20.80 കോടി രൂപയാണ് അനുവദിച്ചത്. കൊട്ടാരക്കര അവണൂർ മുതൽ പുത്തൂരിന് സമീപത്ത് വരെയുള്ള ഭാഗങ്ങളിൽ വീതി കൂട്ടിയ ശേഷമാണ് മറ്റ് ജോലികൾ ആരംഭിച്ചത്. കോട്ടാത്തല പണയിൽ, കിടങ്ങിൽ ഭാഗം ജംഗ്ഷനുകളിൽ റോഡിന്റെ ഒരു വശം ഉയർത്തി അപകട സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യവും അധികൃതർ പരിഗണിക്കുന്നുണ്ട്.

വിവാദങ്ങൾ ഏറെ

റോഡിന്റെ നിർമ്മാണ ഘട്ടം മുതൽ ഏറെ വിവാദങ്ങൾ ഉടലെടുത്തിരുന്നു. കൈയ്യേറ്റ ഭൂമി ഏറ്റെടുക്കുന്നതുമുതൽ ഒട്ടേറെ തർക്കങ്ങൾക്ക് ഇടയാക്കി. നിർമ്മാണപ്രവർത്തനങ്ങളിൽ ക്രമക്കേടും കാലതാമസവും വരുത്തിയതിനെ തുടർന്ന് അസി. എക്സി. എൻജിനിയറടക്കമുള്ള ഉദ്യോഗസ്ഥരെ മന്ത്രി ജി. സുധാകരൻ ഇടപെട്ട് സസ്പെൻഡ് ചെയ്തിരുന്നു. എന്നാലിപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗതയില്ല. കരാർ ഏറ്റെടുത്തവർക്ക് പണം ലഭിക്കാൻ കാലതാമസം വന്നതും നിർമ്മാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇപ്പോൾ വീണ്ടും ജോലികൾ തുടങ്ങിയെങ്കിലും മന്ദഗതിയിലാണ്.