ksrtc

 ചീഫ് ഓഫീസിൽ നിന്ന് ടിക്കറ്റ് നിരക്ക് നിശ്ചയിച്ച് നൽകിയില്ല

കൊല്ലം: സ്ഥിരം യാത്രക്കാർക്കായി ബസ് ഓൺ ഡിമാണ്ട് എന്ന പേരിൽ കൊല്ലം ഡിപ്പോ കേന്ദ്രീകരിച്ച് തുടങ്ങാനിരുന്ന നോൺ സ്റ്റോപ്പ് സർവീസിന് ആവശ്യക്കാരുണ്ടായിട്ടും തുടങ്ങുന്നില്ല. ചീഫ് ഓഫീസിൽ നിന്ന് ടിക്കറ്റ് നിരക്ക് നിശ്ചയിച്ച് നൽകാത്തതാണ് പ്രശ്നം.

സ്ഥിരം യാത്രക്കാരെ ലഭിക്കാൻ സംസ്ഥാന വ്യാപകമായാണ് പദ്ധതി തുടങ്ങിയത്. പരീക്ഷണാർത്ഥം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ആരംഭിച്ച സർവീസുകൾ വിജയമായിരുന്നു. ഈമാസം ആദ്യമാണ് കൊല്ലം ഡിപ്പോയിൽ നിന്ന് തിരുവനന്തപുരം, പുനലൂർ, കായംകുളം, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് സർവീസ് തുടങ്ങാൻ തീരുമാനിച്ചത്. രജിസ്ട്രേഷനും തുടങ്ങി. നിശ്ചിത ദിവസത്തേക്കുള്ള ടിക്കറ്റ് സീസൺ ടിക്കറ്റ് മാതൃകയിൽ ഒരുമിച്ച് എടുക്കുന്നതിനാൽ ചെറിയ ഇളവുണ്ട്.

ഓരോ റൂട്ടിലെയും ഇളവോട് കൂടിയ പുതിയ നിരക്ക് നിശ്ചയിക്കുന്നത് ചീഫ് ഓഫീസ് അനന്തമായി നീട്ടുകയാണ്. ഒരു സ്ഥലത്തേക്ക് 40 സ്ഥിരം യാത്രക്കാരെ ലഭിക്കുമ്പോഴാണ് പ്രത്യേക സർവീസ് ആരംഭിക്കുന്നത്. ഈ ബസുകളിലേക്ക് 5 മുതൽ 25 വരെ ദിവസങ്ങളിലേക്ക് സീസൺ ടിക്കറ്റെടുക്കാം. ആകെ ദിവസത്തിന്റെ ഇരട്ടിദിനമായിരിക്കും സീസൺ ടിക്കറ്റിന്റെ കാലാവധി. അതായത് 5 ദിവസത്തേക്കുള്ള സീസൺ ടിക്കറ്റെടുക്കുന്ന ദിവസം മുതൽ 10 ദിവസത്തേക്ക് ഉപയോഗിക്കാം. അഞ്ച് ശതമാനം വരെ സാധാരണ ടിക്കറ്റ് നിരക്കിൽ നിന്ന് ഇളവുമുണ്ട്. സീസൺ ടിക്കറ്റെടുക്കുന്നവർക്ക് പാർക്കിംഗ് ഫ്രീ എന്ന ഓഫറും മുന്നോട്ട് വച്ചിട്ടുണ്ട്.