കൊല്ലം: മരച്ചീനികൃഷിയിറക്കിയ കർഷകരെ ആശങ്കയിലാക്കുകയാണ് ഒരു ഫംഗസ് രോഗം. കൊട്ടാരക്കര തൃക്കണ്ണമംഗൽ ചേരൂർ ഏലായിലെ മരച്ചീനി കൃഷിയിലാണ് രോഗ ബാധയുണ്ടായത്. മനുഷ്യരിലെ വെരിക്കോസ് വെയിൻ പോലെയാണ് മരച്ചീനി കമ്പുകളുടെ ചുവട് ഭാഗത്ത് കണ്ടുവരുന്നത്. അഞ്ച് മാസമെത്തിയ കമ്പുകളിലാണ് രോഗബാധ. നൂറുകണക്കിന് കമ്പുകളിൽ ഇത്തരത്തിൽ വെരിക്കോസ് വെയിൻ പോലെ കാണപ്പെടുന്നതാണ് തുടക്കം. പിന്നീട് കമ്പ് ഉണങ്ങുകയും കിഴങ്ങ് ചീയുകയും ചെയ്യുന്നു. ചില കമ്പുകളിൽ ഇല പൂർണമായും കൊഴിഞ്ഞിട്ടുമുണ്ട്. ചേരൂർ ഏലായിൽ വിവിധ നിലങ്ങളിൽ പണകോരി പതിനായിരത്തിലധികം മൂട് മരച്ചീനി കൃഷി ചെയ്യുന്നുണ്ട്. രോഗം മറ്റ് കൃഷിയിടങ്ങളിലേക്ക് വ്യാപിക്കുമോയെന്നാണ് കർഷകരുടെ ആശങ്ക.
കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കൃഷിയിടത്തിലെത്തി
രോഗ ബാധയുള്ള മരച്ചീനി കൃഷിയിടത്തിൽ കൊട്ടാരക്കര അസി.കൃഷിഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഫംഗസ് ആണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിന് പ്രയോഗിക്കേണ്ട മരുന്നുകളെപ്പറ്റിയും നിർദ്ദേശിച്ചു. രോഗം വന്ന മരച്ചീനി കമ്പുകൾ വെട്ടി കത്തിച്ചുകളയാൻ നിർദ്ദേശം നൽകി.
തീവ്രമായി പടരാവുന്ന ഫംഗസ്
മരച്ചീനികളിൽ അടുത്തകാലത്തായി കണ്ടുതുടങ്ങിയ ഫംഗസ് ബാധയാണിത്. ആറ് മാസം മുൻപ് തലവൂരിൽ സമാനരീതിയിൽ ഫംഗസ് ബാധ കണ്ടെത്തിയിരുന്നു. വാഴയിലും പയർ വർഗങ്ങളിലുമൊക്കെ പടരുന്ന ഫംഗസുകളാണ്. ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങൾ കർഷകർക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. വ്യാപകമായി പടരാവുന്ന ഫംഗൽരോഗമാണിത്.
(ഡോ.എം.ലേഖ, അസി.പ്രൊഫസർ, കൃഷിവിജ്ഞാന കേന്ദ്രം, സദാനന്ദപുരം)
കൃഷി നഷ്ടമുണ്ടാകും
ലോക് ഡൗൺ കാലയളവിൽ വലിയ ബുദ്ധിമുട്ടുകളാണുള്ളത്. മരച്ചീനിക്കൃഷിയിൽ അൽപം പ്രതീക്ഷയുണ്ടായിരുന്നു. രോഗബാധ ഉണ്ടായതോടെ കൃഷി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയാൽ ഒരുപാട് കർഷകർ ദുരിതത്തിലാകും. (സജി ചേരൂർ, കർഷകൻ)