photo
108 ആംബുലൻസിലെ ഇന്ദുദേവിയും സന്തോഷ് കുമാറും സിന്ധുവിന്റെ കുഞ്ഞുമായി

കൊല്ലം: കൊട്ടാരക്കരയിൽ ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. നെല്ലിക്കുന്നം പുളിത്താനം സ്വദേശി വിനുവിന്റെ ഭാര്യ സിന്ധുവാണ് (32) ആംബുലൻസിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.

പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സിന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ 108 ആംബുലൻസ് വിളിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസ് പാഞ്ഞെത്തി. ആംബുലൻസ് കടന്നുചെല്ലാൻ കഴിയാത്ത വഴിയായതിനാൽ കുറച്ച് ദൂരം ഡ്രൈവർ സന്തോഷ് കുമാറും യുവതിയുടെ ബന്ധുക്കളും ചേർന്ന് സ്ട്രെച്ചറിൽ കിടത്തിയാണ് യുവതിയെ ആംബുലൻസിലെത്തിച്ചത്. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഇന്ദുദേവിയുടെ പരിചരണത്തിൽ ആംബുലൻസിൽവച്ചുതന്നെ സിന്ധു ആൺകുഞ്ഞിന് ജന്മം നൽകി. പുക്കിൾക്കൊടി വേർപെടുത്തിയ ശേഷമാണ് അമ്മയെയും കുഞ്ഞിനെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. മാസം തികയാഞ്ഞതിനാൽ കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി.