covid

 ജില്ലയിലെ കൊവിഡ് നിരക്ക് ഭയപ്പെടുത്തുന്നു

കൊല്ലം: രോഗം റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളെല്ലാം കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടും ജില്ലയിൽ കൊവിഡ് നിയന്ത്രണ വിധേയമാകുന്നില്ല. ഇന്നലെ 47 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഓരോ ദിവസവും സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് സ്ഥിതി കൈവിട്ട് പോകുമെന്ന ആശങ്ക കൂടുതൽ ശക്തമാക്കുകയാണ്.

ഇന്നലെ 20 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗ ബോധിതരായത്. ഇതിൽ 9 പേർക്ക് എവിടെ നിന്നാണ് കൊവിഡ് പകർന്നതെന്ന് വ്യക്തമല്ല. നേരത്തെ വിദേശത്ത് നിന്നോ അന്യസംസ്ഥാനങ്ങളിൽ നിന്നോ വന്നവരുടെ കുടുംബാംഗങ്ങൾക്കാണ് സമ്പർക്കത്തിലൂടെ രോഗം പടർന്നിരുന്നത്. ഇങ്ങനെയുള്ള സമ്പർക്കം കുടുംബാംഗങ്ങൾക്ക് പുറത്തേക്ക് പോയിരുന്നില്ല. പക്ഷെ ഇപ്പോൾ പ്രാദേശികമായി ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പടരുകയാണ്. ഇത് രോഗ വ്യാപന തോതും ഉയർത്തുന്നു. ഒരിടത്ത് രോഗം സ്ഥിരീകരിച്ച ശേഷമാണ് അവിടം കണ്ടെയ്ൻമെന്റ് സോണാക്കുന്നത്. പക്ഷെ അവിടെ തന്നെ വീണ്ടും കൊവിഡ് സ്ഥിരീകരിക്കുകയാണ്.

എല്ലാവർക്കും പരസ്പരം ഭീതി

നേരത്തെ അന്യദേശങ്ങളിൽ നിന്ന് മടങ്ങിയെത്തി നിരീക്ഷണം പൂർത്തിയാക്കിയവരെപ്പോലും കൊവിഡ് പടരുമെന്ന് കരുതി പലരും ഭീതിയോടെയാണ് കണ്ടിരുന്നത്. പക്ഷെ ഇപ്പോൾ എല്ലാവരും പരസ്പരം ഭിതിയോടെ കാണുന്ന അവസ്ഥയെത്തിയിരിക്കുന്നു. എങ്കിലും വീട്ടിലിരുന്നാൽ പട്ടിണിയാകുമെന്ന് കരുതി പലരും തൊഴിലിനിറങ്ങുകയാണ്.

ദിവസം, ആകെ കൊവിഡ് പോസിറ്റീവ്, സമ്പർക്കത്തിലൂടെ പകർന്നവർ

ഇന്നലെ, 47, 20

16ന്, 42, 20

15ന്, 11, 8

14ന്, 23, 14

ഏറ്റവും കൂടുതൽ പോസിറ്റീവ് റിപ്പോർട്ട് ചെയ്ത ദിനങ്ങൾ

ഈമാസം 17ന്: 47

ഈമാസം16ന്: 42

ഈമാസം 13ന്: 33

ഈമാസം 10ന്: 28