ചാത്തന്നൂർ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ പഞ്ചായത്തിലെ കുറുങ്ങൽ പാടശേഖരത്തിലെ 25 ഏക്കർ തരിശുരഹിതമാക്കുന്നു. മൈനർ ഇറിഗേഷന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു.
ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, ചാത്തന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ, സ്ഥിരം സമിതി അദ്ധ്യക്ഷ രേഷ്മ ചന്ദ്രൻ, മുൻ പ്രസിഡന്റ് സണ്ണി, കൃഷി ഓഫീസർ എസ്. പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ മുഖ്യ ജലസ്രോതസായ കണ്ണങ്കരക്കോണം ചിറയിൽ നിന്ന് കല്ലിന്റവിടം വരെയുള്ള കൈത്തോടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എം.ജി.എൻ.ആർ.ഇ.ജി.എസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. നാല് ലക്ഷം രൂപാ ചെലവിൽ കയർഭൂവസ്ത്രം ഉപയോഗിച്ചാണ് കൈത്തോടിന്റെ നിർമ്മാണം നടക്കുക. വർഷങ്ങളായി തരിശുകിടക്കുന്നതിനാലും പാടശേഖരത്തിന് നടുവിൽ റോഡ് വന്നതിനാലും ജലവിതരണം തടസപെട്ട് കിടക്കുകയായിരുന്നു. ഇവിടുത്തെ നീരൊഴുക്ക് സുഗമമാക്കാൻ കലുങ്കുകളും നിർമ്മിക്കും.