ജില്ലയിലെ പ്രതിരോധം വെല്ലുവിളിയാകുന്നു
കൊല്ലം: സമ്പർക്ക രോഗ ബാധിതർക്കൊപ്പം ഉറവിടം അറിയാത്ത കൊവിഡ് ബാധിതരും ജില്ലയിൽ വർദ്ധിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നു. ഇന്നലെ സമ്പർക്കത്തിലൂടെ 20 പേർക്ക് രോഗംസ്ഥിരീകരിച്ചപ്പോൾ ഉറവിടം അറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം 9 ആയി ഉയർന്നു. കണ്ടെയ്മെന്റ് സോണുകൾക്ക് പുറത്ത് ഇപ്പോഴും സാമൂഹിക അകലവും കൊവിഡ് മാനദണ്ഡങ്ങളും ഉറപ്പാക്കാൻ കഴിയുന്നില്ല. ജില്ലയിലെ അതിർത്തി ഗ്രാമങ്ങൾ ഉൾപ്പെടെ ഭൂരിപക്ഷം പഞ്ചായത്തുകളും കണ്ടെയ്മെന്റ് സോണിലാണ്. ഓരോ ദിവസവും കണ്ടെയ്മെന്റ് സോണുകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിൽ ജില്ലയിൽ.
പരിശോധനയ്ക്ക് സ്രവം നൽകിയ ശേഷം നാടുചുറ്റൽ
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ച പലരെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ കച്ചവടവുമായി ജില്ലയ്ക്ക് പുറത്തായിരുന്നു. കൊവിഡ് പരിശോധനയ്ക്ക് സ്രവം നൽകിയ ശേഷം ഫലം വരുന്നതിന് കാത്തുനിൽക്കാതെ നാട് ചുറ്റാനിറങ്ങുകയാണ്. ഇത്തരക്കാരുടെ സമ്പർക്ക പട്ടിക അതി സങ്കീർണമാണ്.
രോഗികൾ വർദ്ധിച്ചാൽ ചികിത്സ ബുദ്ധിമുട്ടിലാകും
നിലവിൽ കൊവിഡ് രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സയും പരിചരണവും നൽകാൻ ജില്ലയിൽ സംവിധാനങ്ങളുണ്ട്. പക്ഷേ രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയർന്നാൽ മെച്ചപ്പെട്ട ചികിത്സ നൽകാൻ സൗകര്യങ്ങളില്ലാതെ വരും. നിലവിൽ കണ്ടെയ്മെന്റ് സോണുകളിൽ നിന്ന് വരുന്ന രോഗികൾക്ക് പല ആശുപത്രികളും പ്രവേശനം നിഷേധിക്കുന്നുണ്ട്. ഇവർക്കായി പ്രത്യേക ക്ലിനിക്കുകൾ ആരംഭിച്ചു.
കരുതൽ വേണം
1. ആരിൽ നിന്നും രോഗം വ്യാപിക്കുമെന്ന സ്ഥിതിയാണിപ്പോൾ
2. അനാവശ്യ യാത്രകളും ആഘോഷങ്ങളും ഒഴിവാക്കണം
3. ആഘോഷ ചടങ്ങുകളിലെ എണ്ണം പരിമിതപ്പെടുത്തണം
4. ബന്ധുവീടുകളിലെ സന്ദർശനം മാറ്റിവയ്ക്കുക
5. പുറത്ത് പോയിട്ട് വന്നാൽ കുളിച്ച് വൃത്തിയാകാതെ വീടിനുള്ളിൽ കയറരുത്
7. മാസ്ക് ധരിക്കണം, സാനിറ്റൈസർ കൈയിൽ കരുതണം
''
ഈ ചുപ്പ് അപകട സൂചനയാണ്. ഇനിയും മനസിലാക്കാത്തവർ നാശവാഹകരായി മുദ്ര കുത്തപ്പെടും. പൂർണ നിയന്ത്രണം വേണ്ടി വരും. ജാഗ്രത.
ബി.അബ്ദുൽ നാസർ
ജില്ലാ കളക്ടർ