കൊല്ലം: കൊവിഡിനെ പ്രതിരോധിക്കാൻ അത്യാധുനിക ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസിംഗ് മെഷീൻ നിർമ്മിച്ച് പെരുമൺ എൻജിനിയറിംഗ് കോളേജിലെ മൂന്നാം വർഷ ഇലക്ട്രിക്കൽ വിദ്യർത്ഥികൾ. 'ഇ ശുദ്ധി' എന്ന പേരിൽ നിർമ്മിച്ച മെഷീനുകളുടെ വിതരണോദ്ഘാടനം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ കളക്ടർ ബി. അബ്ദുൽ നാസർ നിർവഹിച്ചു. ഇലക്ട്രിക്കൽ വിഭാഗം അസി. പ്രൊഫ. ജി. രഞ്ജിത്തിന്റെ മേൽനോട്ടത്തിൽ വിദ്യർത്ഥികളായ എം.പി. പ്രദീഷ്, എസ്. രൂപേഷ്, എസ്. അനന്ദു എന്നിവർ ചേർന്നാണ് മെഷീൻ നിർമ്മിച്ചത്. രണ്ട് ലിറ്റർ വരെ കപ്പാസിറ്റിയുള്ള മെഷീൻ ചെറിയ നിരക്കിൽ വിപണിയിലെത്തിക്കാൻ കഴിയുമെന്ന് വിദ്യർത്ഥികൾ പറയുന്നു.
കോളേജ് പി.ടി.എയുടെയും അലുമ്നിയുടെയും ധനസഹായത്തോടെ നിർമിച്ച മെഷീനുകൾ കളക്ടറേറ്റ്, ജില്ലാ ഹോമിയോ ആശുപത്രി, ജില്ലാ ആശുപത്രി, കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോ, ഫയർ സ്റ്റേഷൻ, പ്രസ് ക്ലബ്, ആശ്രമം ഇ.എസ്.ഐ ആശുപത്രി, അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ, പെരിനാട് ഹെൽത്ത് സെന്റർ, കുണ്ടറ സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ സൗജന്യമായി വിതരണം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. ഇസഡ്. എ. സോയ, ഇലക്ട്രിക്കൽ വിഭാഗം മേധാവി ഡോ. എസ്.ജെ. ബിന്ദു, പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ. ഗോപകുമാർ, പി.ടി.എ ഭാരവാഹികൾ, കോളേജ് ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.