pallikkalar

 രാവിലെ 10ന് വെബ്ബിനാർ ആരംഭിക്കും

 9.30 വരെ 7012884574 നമ്പരിൽ വാട്സ് ആപ്പ് സന്ദേശം അയച്ച് രജിസ്റ്റർ ചെയ്യാം

കൊല്ലം: പള്ളിക്കലാറ്റിലെ തൊടിയൂർ ഭാഗത്ത് 80 ലക്ഷത്തോളം രൂപ മുടക്കി അശാസ്ത്രീയമായി നിർമ്മിച്ച തടയണ ഒരു ർഷത്തിന് ശേഷം പൊളിച്ച് മാറ്റേണ്ടി വന്ന സാഹചര്യത്തെപ്പറ്റി കേരളകൗമുദി വെബ്ബിനാ‌ർ ഇന്ന് വിശദമായി ചർച്ച ചെയ്യും. രാവിലെ 10ന് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആരംഭിക്കുന്ന വെബ്ബിനാ‌ർ വിവിധ സ്ഥലങ്ങളിൽ നിന്ന് വരുന്ന വ്യത്യസ്ത അഭിപ്രായങ്ങളെ ക്രോഡീകരിക്കും. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, പ്രദേശത്തെ കർഷകർ, നാട്ടുകാർ എന്നിവർ വെബ്ബിനാറിന്റെ ഭാഗമാകും. രാവിലെ 9.30 വരെ 7012884574 എന്ന നമ്പരിൽ വാട്സ് ആപ്പ് സന്ദേശം അയച്ച് രജിസ്റ്റർ ചെയ്താൽ നിങ്ങൾക്കും വെബ്ബിനാറിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുന്നവരുടെ വാട്സ് ആപ്പ് നമ്പരിലേക്ക് വെബ്ബിനാർ ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് പങ്കെടുക്കാനുള്ള ലിങ്ക് ലഭ്യമാക്കും. തൊടിയൂർ ആര്യൻപാടം, മാലുമേൽ പുഞ്ച, തഴവ വട്ടക്കായൽ എന്നിവിടങ്ങളിലെ 1200 ഏക്കർ നെൽകൃഷിക്ക് ജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു വർഷം മുമ്പാണ് പള്ളിക്കലാറ്റിലെ തൊടിയൂർ ഭാഗത്ത് തടയണ നിർമ്മിച്ചത്. മുപ്പത് മീറ്ററോളം വീതിയുണ്ടായിരുന്ന ആറ്റിൽ നിർമ്മിച്ച തടയണയിലൂടെ വെള്ളമൊഴുകി പോകുന്നതിന് ഒരു മീറ്റർ വീതിയിലുള്ള മൂന്ന് കണ്ണറകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് പെയ്ത മഴയിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നപ്പോൾ തടയണയിൽ കൂടി വെള്ളമൊഴുകിയില്ല. ഇതോടെ തഴവ, തൊടിയൂർ, ശൂരനാട് വടക്ക് പഞ്ചായത്തുകളിലെ പള്ളിക്കലാറ്റിന്റെ തീരങ്ങൾ മുങ്ങി. പുഞ്ചകളിലടക്കം വെള്ളം കയറിയതോടെ അവിടെ അധിക ജലം പമ്പ് ചെയ്ത് കളയാൻ സ്ഥാപിച്ചിരുന്ന മോട്ടർ ഷെഡുകൾ മുങ്ങി. കിടപ്പാടവും കൃഷിയിടവും പള്ളിക്കലാറ് കവരുന്ന ഘട്ടം വന്നതോടെയാണ് ജനങ്ങളും കർഷകരും പ്രതിഷേധവുമായെത്തിയത്. പിന്തുണയുമായി വിവിധ രാഷ്ട്രീയ കക്ഷികളും ഒപ്പമെത്തി. ആർ. രാമചന്ദ്രൻ എം.എൽ.എ മുഖ്യമന്ത്രി, ജലവിഭവ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയതോടെ വകുപ്പ് മന്ത്രിയുടെ ചേംബറിൽ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നു. അടിയന്തര പരിഹാരം ലക്ഷ്യമിട്ട് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥ സംഘമാണ് തടയണയുടെ മദ്ധ്യഭാഗത്തെ ഭിത്തികൾ നീക്കം ചെയ്‌ത് ജലമൊഴുക്കി കളയാൻ തീരുമാനിച്ചത്.