suspended

കൊല്ലം: കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവ പരിശോധനയ്ക്ക് ശേഷം നിരീക്ഷണത്തിൽ പ്രവേശിച്ച സഹകരണ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ. പട്ടത്താനം സർവീസ് സഹകരണ ബാങ്കിലെ അക്കൗണ്ടന്റ് ബി.അജിത്താണ് കൊവിഡ് കാലത്തെ അനിവാര്യമായ ജാഗ്രത പാലിച്ചതിന്റെ പേരിൽ സസ്പെൻഷനിലായത്. എന്നാൽ ഇങ്ങനെയൊരാൾ നിരീക്ഷണത്തിലില്ലെന്ന ആരോഗ്യവകുപ്പ് രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

ഈമാസം 2ന് അജിത്ത് പോളയത്തോട്ടിലെ സൂപ്പർമാർക്കറ്റിൽ പോയിരുന്നു. ഒരാഴ്ച മുൻപ് അവിടെ എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സൂപ്പർ മാർക്കറ്റ് അടച്ചു. കഴിഞ്ഞ തിങ്കളാഴ്ച അജിത്തിന് ചെറിയ പനി ലക്ഷണങ്ങൾ തോന്നി. തൊട്ടടുത്ത ദിവസമായതോടെ തൊണ്ടവേദനയും ചുമയുമായി. ഇതോടെ ഭീതിയിലായ അജിത്ത് ബുധനാഴ്ച നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നിന്ന് കൊവിഡ് ടെസ്റ്റിനായി ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ജില്ലാ ആശുപത്രിയിലെ ഡോക്ടർ അവിടെ തന്നെ കൊവിഡ് ടെസ്റ്റിന് എഴുതി നൽകിയെങ്കിലും സുരക്ഷാ ആശങ്കയുള്ളതിനാൽ സ്വകാര്യ ലാബിൽ പോയി.

കൊവിഡ് ഫലം വരാൻ മൂന്ന് ദിവസമെടുക്കുമെന്നും അതുവരെ നിരീക്ഷണത്തിൽ കഴിയണമെന്നും ഡോക്ടർ നിർദ്ദേശിച്ചു. ഇതുപ്രകാരം അജിത്ത് വീട്ടിലെത്തി നിരീക്ഷണത്തിൽ പ്രവേശിച്ചു. ലാബിലെ ബില്ലിന്റെ പകർപ്പ് സഹിതം ബാങ്കിൽ മൂന്ന് ദിവസത്തെ അവധിക്ക് അപേക്ഷ നൽകി. അജിത്തിന്റെ വീടിന് മുന്നിൽ കൊവിഡ് നിരീക്ഷണത്തിലുള്ളയാൾ താമസിക്കുന്ന വീടെന്ന് ആരോഗ്യപ്രവർത്തകർ സ്റ്റിക്കർ പതിക്കുകയും ചെയ്തു.

ഇന്നലെ രാവിലെ പരിശോധനാ ഫലം വന്നപ്പോൾ നെഗറ്റീവായിരുന്നു. ഇതിന് പിന്നാലെ ചേർന്ന ബാങ്ക് ഡയറക്ടർ ബോർഡ് യോഗം അജിത്തിനെ നസ്പെൻഡ് ചെയ്യുകയായിരുന്നു. മറ്റ് ജീവനക്കാർ കൊവിഡ് നിരീക്ഷണത്തിലെന്ന് പറഞ്ഞ് അവധിയെടുക്കാതിരിക്കാനുള്ള മുന്നറിയിപ്പ് എന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞിരിക്കുന്ന കാരണം.

"

അജിത്തിന്റെ അവധി അപേക്ഷയിൽ പറഞ്ഞിരിക്കുന്ന കാര്യം ശരിയാണോയെന്ന് ഒരു ബോർഡ് അംഗം വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇങ്ങനെയൊരാൾ നിരീക്ഷണത്തിലില്ലെന്ന് ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്."

ആർ. സുഭാഷ്, പട്ടത്താനം സർവീസ് സഹ. ബാങ്ക് പ്രസിഡന്റ്