കൊല്ലം: കൊല്ലത്ത് സ്ഥിതി ഗതികൾ കൂടുതൽ ഗുരുതരം. 30 ഗ്രാമപഞ്ചായത്തുകൾ പൂർണമായും കൊല്ലം കോർപ്പറേഷനും പരവൂർ നഗരസഭയും ഭാഗികമായും അടച്ചു, ഇന്ന് രോഗികളുടെ എണ്ണം കൂടാൻ സാദ്ധ്യതയെന്ന് ആദ്യ പരിശോധനാഫലങ്ങൾ. ഔദ്യോഗിക സ്ഥിരീകരണം ഇന്ന് വൈകിട്ടോടെ മാത്രമേ എത്തുകയുള്ളൂ. രോഗം റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളെല്ലാം കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടും ജില്ലയിൽ കൊവിഡ് നിയന്ത്രണ വിധേയമാകുന്നില്ല. ഇന്നലെ 47 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഓരോ ദിവസവും സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് സ്ഥിതി കൈവിട്ട് പോകുമെന്ന ആശങ്ക കൂടുതൽ ശക്തമാക്കുകയാണ്.
ഇന്നലെ 20 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗ ബോധിതരായത്. ഇതിൽ 9 പേർക്ക് എവിടെ നിന്നാണ് കൊവിഡ് പകർന്നതെന്ന് വ്യക്തമല്ല. നേരത്തെ വിദേശത്ത് നിന്നോ അന്യസംസ്ഥാനങ്ങളിൽ നിന്നോ വന്നവരുടെ കുടുംബാംഗങ്ങൾക്കാണ് സമ്പർക്കത്തിലൂടെ രോഗം പടർന്നിരുന്നത്. ഇങ്ങനെയുള്ള സമ്പർക്കം കുടുംബാംഗങ്ങൾക്ക് പുറത്തേക്ക് പോയിരുന്നില്ല. പക്ഷെ ഇപ്പോൾ പ്രാദേശികമായി ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പടരുകയാണ്. ഇത് രോഗ വ്യാപന തോതും ഉയർത്തുന്നു. ഒരിടത്ത് രോഗം സ്ഥിരീകരിച്ച ശേഷമാണ് അവിടം കണ്ടെയ്ൻമെന്റ് സോണാക്കുന്നത്. പക്ഷെ അവിടെ തന്നെ വീണ്ടും കൊവിഡ് സ്ഥിരീകരിക്കുകയാണ്. മത്സ്യ വിതരണം പൂർണമായും നിറുത്തിവച്ചും ചന്തകൾ അടച്ചും കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചും പരമാവധി രോഗ വ്യാപനം തടയാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കളക്ടർ ബി.അബ്ദുൾ നാസർ അറിയിച്ചു.
ദിവസം, ആകെ കൊവിഡ് പോസിറ്റീവ്, സമ്പർക്കത്തിലൂടെ പകർന്നവർ
ഇന്നലെ, 47, 20
16ന്, 42, 20
15ന്, 11, 8
14ന്, 23, 14
ഏറ്റവും കൂടുതൽ പോസിറ്റീവ് റിപ്പോർട്ട് ചെയ്ത ദിനങ്ങൾ
ഈമാസം 17ന്: 47
ഈമാസം16ന്: 42
ഈമാസം 13ന്: 33
ഈമാസം 10ന്: 28