drunkard

കൊല്ലം: നഗരസഭാ ഓഫീസിനോട് ചേർന്നുള്ള ക്യു.എ.സി റോഡിൽ തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധ സംഘങ്ങൾ കൊവിഡ് വ്യാപന ഭീഷണി ഉയർത്തുന്നു. രാപ്പകൽ വ്യത്യാസമില്ലാതെ അന്യസംസ്ഥാന യാചകരടക്കമുള്ളവർ ലഹരി പദാർത്ഥങ്ങൾ ഉപയോഗവും വില്പനയുമായി ഇവിടെ തമ്പടിക്കുകയാണ്.

ട്രെയിനുകളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ് ഇവിടെ തമ്പടിക്കുന്നവരിലേറെയും. മോഷണം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിലെ പ്രതികളും കൂട്ടത്തിലുണ്ട്. പകൽ സമയത്ത് ക്യു.എ.സി റോഡിന്റെ വശത്തുള്ള നടപ്പാതയിൽ കിടന്നാണ് ഇവർ ഉറങ്ങുന്നത്. പരസ്യ മദ്യപാനവും കഞ്ചാവ് അടക്കമുള്ള ലഹരിപദാർത്ഥങ്ങളുടെ ഉപയോഗവും കാര്യമായി നടക്കുന്നുമുണ്ട്. കൂട്ടത്തിൽ സ്ത്രീകളുമുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

ഇടയ്ക്കിടെ മദ്യലഹരിയിൽ പരസ്പരം അസഭ്യവർഷം നടത്തുന്നതിനൊപ്പം തമ്മിൽ തല്ലുമുണ്ടാകാറുണ്ട്. ലഹരി പദാർത്ഥങ്ങളുടെ വില്പനയാണ് ഇവരിൽ പലരുടെയും വരുമാന മാർഗം. ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയുള്ളതായി പലതവണ പരാതി ഉയർന്നെങ്കിലും ഇവിടെ തമ്പടിക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നിട്ടില്ല.

ഇവിടെ തമ്പടിക്കുന്നവരിൽ വലിയൊരു വിഭാഗത്തെ നഗരസഭ ലോക്ക്ഡൗൺ കാലത്ത് ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ കൊവിഡ് കെയർ സെന്റർ ആരംഭിച്ച് അവിടേക്ക് മാറ്റിയിരുന്നു. ഗേറ്റുകളടച്ചിട്ട് ഭക്ഷണം അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കി. ലോക്ക്ഡൗൺ അവസാനിച്ചതോടെ വീണ്ടും ഇവരെ തെരുവിലേക്ക് ഇറക്കിവിടുകയാണുണ്ടായത്.

 പകൽ തമ്പടിക്കുന്നവരെ രാത്രി കാണാറില്ല....

പകൽ സമയത്ത് കുറഞ്ഞത് 50 പേരെങ്കിലും ക്യു.എ.സി റോഡിന്റെ നടപ്പാതയിൽ കിടന്ന് ഉറങ്ങാറുണ്ട്. പക്ഷെ ഇരുട്ട് പരക്കുന്നതോടെ ഇവരിൽ പലരും അപ്രത്യക്ഷരാകുന്നത് ആശങ്ക ഉയർത്തുന്നു. കൊല്ലം നഗരസഭാ ഓഫീസിന് പുറമേ, സ്പോർട്സ് കൗൺസിൽ ഓഫീസ്, സായി സ്പോർട്സ് കൗൺസിൽ ഹോസ്റ്റൽ തുടങ്ങിയ നിരവധി പ്രധാന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നിരവധി വീടുകളുമുണ്ട്. സാമൂഹ്യവിരുദ്ധരെ ഭയന്ന് പലരും ഭീതിയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. രാത്രിയിൽ ഈ ഭാഗത്തെ തെരുവ് വിളക്കുകളിൽ ഭൂരിഭാഗവും പ്രകാശിക്കാറുമില്ല.