കൊല്ലം കണ്ടവനില്ലം വേണ്ടെന്നാണല്ലോ ചൊല്ല്. ഇനിയിപ്പോ അതൊന്ന് മാറ്റിപ്പറയുന്നത് നന്നായിരിക്കും. കാരണം കൊല്ലത്തെ ചിലർക്ക് സ്വന്തം ഇല്ലങ്ങളിപ്പോൾ ദുഃസ്വപ്‌ന ഇല്ലങ്ങളാണ്. തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും ഇല്ലം. സ്വർണം കടത്തുന്നതൊക്കെ ഒരു കുറ്റമാണോയെന്ന് ചോദിക്കുന്നവർ കൊല്ലത്തുണ്ട് കേട്ടോ. കടത്തിയിട്ട് പിഴ കൊടുത്ത് ഇങ്ങ് പോന്നാൽ പോരെ. ഓ, പിന്നെ കൊലപാതകമൊന്നുമല്ലല്ലോ എന്ന് ആശ്വസിക്കുന്നവരുമുണ്ട്. സ്വർണം കടത്തിയത് ഭീകരപ്രവർത്തനത്തിന് വേണ്ടിയാണെന്ന് എൻ.ഐ.എ പറഞ്ഞാലൊന്നും ഇവിടെ ചില കണ്ണികൾ അത് സമ്മതിക്കില്ല കേട്ടോ. കൊല്ലത്തെ കണ്ണികളെ പറ്റി, ബന്ധങ്ങളെ പറ്റി ആഭ്യന്തരമന്ത്രിക്ക് ചില വിവരങ്ങൾ കൊല്ലത്തുനിന്ന് പോയിട്ടുണ്ട്. അതുവല്ലതും അറിഞ്ഞാട്ടാണോയെന്നറിയില്ല ചില നേതാക്കന്മാരൊക്കെ ഇപ്പോൾ ദുഃസ്വപ്‌നം കണ്ട് ഞെട്ടാറുണ്ടത്രെ. ഇപ്പോഴത്തെ സ്വർണക്കടത്തിലല്ല വർഷങ്ങളായി സ്വർണം കടത്താനും ഹവാല ഇടപാടിനും ബിനാമി കച്ചവടത്തിനുമെല്ലാം ചുക്കാൻ പിടിച്ച് കമ്മിഷൻ പറ്റുന്ന ഒരുപാട് വലിയ നേതാക്കന്മാരുള്ള നാടാണ് കൊല്ലം.
പ്രധാന രാഷ്ട്രീയ കക്ഷികളിലെല്ലാം ഇങ്ങനെ ദുഃസ്വപ്‌നം കാണുന്നവരുണ്ട്. അവർ നേതാക്കന്മാരായത് പോലും ഇങ്ങനെ പലതും കടത്താനാണല്ലോ. പുറത്ത് പറയാൻ കൊള്ളാവുന്ന കാര്യങ്ങളൊന്നുമല്ലല്ലോ ഇതൊന്നും. ഒരു കൈവഴിപോലെ ഇങ്ങോട്ടെങ്ങാനും ബന്ധങ്ങൾ വരുമോയെന്ന പേടി കൊല്ലത്ത് ഏറെപ്പേർക്കുണ്ട്. ഇതിലും ഇമ്മിണി വല്യ നേതാക്കളുണ്ട്. പൊലീസും രാഷ്ട്രീയവും എം.എൽ.എയും എം.പിയുമൊക്കെ എപ്പോഴും അവരുടെ സ്വന്തമായിരിക്കും. വമ്പൻ തുക കിട്ടിയാൽ പിന്നെ എന്ത് രാഷ്ട്രീയ വ്യത്യാസം. കൂടെയങ്ങ് നിൽക്കുക, അത്രതന്നെ.
ജില്ലയിലെ പല ഹോട്ടലുകളും മറ്റ് ചില സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന വമ്പൻ ഹവാല ഇടപാടുകൾ പൊലീസും ഇന്റലിജൻസുമൊന്നും കാണാഞ്ഞിട്ടാണോ. അടിസ്ഥാന വർഗത്തെ പറ്റി മാത്രം പറയുകയും കട്ടൻ ചായയും പരിപ്പുവടയും മാത്രമേ കഴിക്കാവൂ എന്നും പറഞ്ഞുനടന്ന പലരുടെയും ബിനാമി സ്വത്ത് കേട്ടാൽ സാക്ഷാൽ സ്വപ്‌നാ സുരേഷ് പോലും ഞെട്ടും. എത്രയെത്ര സ്ഥാപനങ്ങളിൽ പാർട്ട്ണർഷിപ്പ്. അത് തുണിക്കട മുതൽ സൂപ്പർമാർക്കറ്റും കടന്ന് കശുവണ്ടി കമ്പനി വരെ നീളും. അണികളെ ഇളക്കിവിട്ടാൽ പിന്നെ നേതാവിനെതിരെ കമാന്നൊരക്ഷരം ആരെങ്കിലും പറയുമോ.