uthra-case

കൊല്ലം: കേരളത്തെ ഞെട്ടിച്ച ഉത്ര കൊലക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കുന്നു, ഇതിന്റെ ആദ്യഘട്ടം പൂർത്തിയായി. സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുള്ള കൊലപാതക കേസുകളിലെ ഏറ്റവും കൂടുതൽ പേജുകളുള്ള കുറ്റപത്രമാകും ഉത്ര കേസിന്റേത്. സാധാരണയല്ലാത്ത കൊലപാതകം എന്നതുകൊണ്ടുതന്നെ സമാനതകളില്ലാത്ത അന്വേഷണമാണ് കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയത്. ഇതിന്റെ സമഗ്ര വിവരങ്ങൾ ചേർത്തുള്ള കുറ്റപത്രമായതിനാൽ വളരെക്കൂടുതൽ പേജുകളിൽ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ആഗസ്റ്റ് ആദ്യവാരത്തിൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ആയിരത്തിലധികം സാക്ഷിമൊഴികളുണ്ടാകും. കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ കഴിയുന്ന പാമ്പുപിടിത്തക്കാരൻ സുരേഷിനെ മുഖ്യ മാപ്പ് സാക്ഷിയാക്കാനും ആലോചനയുണ്ട്. സുരേഷ് ഇതിനായി അപേക്ഷയും നൽകിയിട്ടുണ്ട്. മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ് എന്ന നിലയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കേസ് ആയതിനാൽ പ്രതികൾക്ക് തക്കതായ ശിക്ഷ കിട്ടാനുതകുന്ന കുറ്റപത്രമാണ് തയ്യാറാക്കുക. ഉത്രയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്, മൂർഖൻ പാമ്പിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്, രാസപരിശോധനാ ഫലം, മറ്റ് ശാസ്ത്രീയ തെളിവുകൾ, സാക്ഷിമൊഴികൾ, ഫോൺ വിവരങ്ങൾ, ഡി.എൻ.എ പരിശോധനാ ഫലം, അന്വേഷണ സംഘം കണ്ടെത്തിയ മറ്റ് തെളിവുകൾ, ഉത്രയുടെ വിവാഹ വിവരങ്ങൾ, ആഭരണങ്ങളുടെയും സ്വത്തിന്റെയും വിവരങ്ങൾ, മുൻപുണ്ടായ കൊലപാതക ശ്രമം, സംസ്ഥാനത്തെ മുഴുവൻ പാമ്പുകളെപ്പറ്റിയും വിഷത്തെപ്പറ്റിയുമുള്ള വിവരണങ്ങൾ, പാമ്പ് കടിച്ചുള്ള മരണങ്ങളുടെ വിവരങ്ങൾ, തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് ഉൾക്കൊള്ളിക്കേണ്ടത്.

ഡി.എൻ.എ പരിശോധനയുടെ ഫലവും ഫോറൻസിക് ലാബ് റിപ്പോർട്ടും സൈബർ റിപ്പോർട്ടും ഇനിയും ലഭിക്കാനുണ്ട്. രാസപരിശോധനയുടെ ആദ്യഫലമാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് ലഭിച്ചത്. ഉത്രയുടെ ശരീരത്തിൽ മൂർഖൻ പാമ്പിന്റെ വിഷവും സിട്രസ് മരുന്നിന്റെ അംശങ്ങളും കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്. സൂരജ് ഉത്രയുടെ ആഭരണങ്ങൾ പണയം വച്ചതടക്കമുള്ള വിവരങ്ങൾ നേരത്തെതന്നെ ശേഖരിച്ചിരുന്നു. സ്വർണം കുഴിച്ചിട്ടതും അതുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണ റിപ്പോർട്ടിൽ പ്രത്യേകമായി പരാമർശിക്കും. പൊലീസിന്റെ കുറ്റപത്രം തയ്യാറാക്കുന്നതിനൊപ്പം വനം വകുപ്പും കുറ്റപത്രം തയ്യാറാക്കുകയാണ്.

മയക്കി കിടത്തി, പാമ്പിനെക്കൊണ്ട് കൊത്തിച്ചു

അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിലെ കിടപ്പ് മുറിയിൽ ഉത്ര മയങ്ങി കിടന്നപ്പോഴാണ് സൂരജ് മൂർഖൻ പാമ്പിനെ തുറന്നുവിട്ടത്. ഉത്രയ്ക്ക് ഉറങ്ങാനുള്ള മരുന്ന് ജ്യൂസിൽ കലർത്തി നൽകിയതായി സൂരജ് നേരത്തെ വെളിപ്പെടുത്തിയതിന് പിന്നാലെ കഴിഞ്ഞദിവസം രാസ പരിശോധനാഫലം വന്നപ്പോഴും സിട്രസ് മരുന്നിന്റെ അംശങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാമ്പിനെ നോവിച്ച് കടിപ്പിച്ചതാണെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. മൂർഖൻ ഉത്തരയെ രണ്ടുതവണ ആഞ്ഞുകൊത്തുമ്പോൾ സൂരജ് നോക്കി നിൽക്കുകയായിരുന്നു. പിന്നീട് ഇതിനെ കുപ്പിയിലാക്കാനുള്ള ശ്രമം നടത്തവെ സൂരജിനെ കൊത്താനായി പാമ്പ് തിരിഞ്ഞു. പിന്നീട് കുപ്പിയിലാക്കാനുള്ള ശ്രമം ഉപേക്ഷിച്ച് കട്ടിലിൽത്തന്നെ ഉറങ്ങാതെ ഇരുന്ന് നേരംവെളുപ്പിക്കുകയായിരുന്നു.

സുരേഷ് അറിഞ്ഞില്ലെന്ന്..

ഉത്രയുടെ ഭർത്താവ് സൂരജ്, പിതാവ് സുരേന്ദ്രൻ കെ.പണിക്കർ, പാമ്പ് പിടുത്തക്കാരൻ സുരേഷ് എന്നിവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സൂരജിന്റെ അമ്മയെയും സഹോദരിയെയും പലതവണ ചോദ്യം ചെയ്തിരുന്നു. ഇനിയും വിളിപ്പിച്ചിട്ടുണ്ട്. ഉത്രയെ കൊലപ്പെടുത്താൻ ഭർത്താവ് സൂരജിന് മൂർഖൻ പാമ്പിനെയും അണലിയെയും വിറ്റത് റിമാൻഡിലുള്ള ചിറക്കര സ്വദേശി സുരേഷാണ്. സുരേഷിനെ മാപ്പ് സാക്ഷിയാക്കിയേക്കും. സുരേഷ് ഇതിനായി അപേക്ഷ നൽകിയിട്ടുണ്ട്. കൊലപാതകത്തിനാണ് പാമ്പിനെ ആവശ്യപ്പെട്ടതെന്ന് അറിയില്ലെന്നാണ് സുരേഷ് പറയുന്നത്. കഴിഞ്ഞ ഏപ്രിൽ 24ന് ഏനാത്ത് ജംഗ്ഷനിൽ വച്ചാണ് സുരേഷ് പാമ്പിനെ കൈമാറിയത്. അതിന് മുൻപ് അണലിയെ കൊടുത്തത് സൂരജിന്റെ വീട്ടിലെത്തിയാണ്.

ഫോൺ വിവരങ്ങൾ ശേഖരിച്ചു

ഉത്രയെ കൊലപ്പെടുത്തുന്നതിന് മുൻപും അതിന് ശേഷവും സൂരജും സഹോദരിയടക്കമുള്ള അടുത്ത ബന്ധുക്കളും വിളിച്ച ഇരുപത്തയ്യായിരം ഫോൺ കോളുകളുടെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ഇതിൽ നൂറ് നമ്പരുകൾ പ്രത്യേകമായി പരിഗണിച്ച് ഫോൺ വിളികളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വാട്ട്സ് ആപ്പ് കോളുകളുടെ വിവരങ്ങൾ ശേഖരിക്കാൻ ഫോറൻസിക് ലാബിന് നൽകിയിരുന്നു. ഇതിന്റെ പൂർണ വിവരങ്ങൾ ഉടൻ ലഭിക്കും.