ss
പള്ളിക്കലാറ്റിലെ അശാസ്ത്രീയ തടയണ പൊളിച്ച് നീക്കുന്നു(ഫയൽഫോട്ടോ)​

 കൊവിഡ് കാലത്ത് ശ്രദ്ധേയമായി കേരളകൗമുദിയുടെ വെബിനാർ ജനവികാരം പ്രകടമായി

കൊല്ലം: പള്ളിക്കലാറ്റിലെ തൊടിയൂർ ഭാഗത്ത് 80 ലക്ഷത്തോളം രൂപ ചെലവഴിച്ച് അശാസ്ത്രീയമായി നിർമ്മിച്ച തടയണ ഒരു വർഷത്തിന് ശേഷം പൊളിച്ചപ്പോൾ സർക്കാരിന് നഷ്ടമായ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്ന് കേരളകൗമുദി വെബിനാറിന്റെ പൊതുവികാരം. പള്ളിക്കലാറ്റിലെ വിവാദ തടയണയെ സംബന്ധിച്ച് പൊതുജനാഭിപ്രായം ക്രോഡീകരിക്കാൻ കേരളകൗമുദി ഇന്നലെ നടത്തിയ വെബിനാറിൽ സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നവർ പങ്കെടുത്തു. രാവിലെ 10.30ന് ഓൺലൈൈൻ സങ്കേതങ്ങളുടെ സഹായത്തോടെ ആരംഭിച്ച വെബിനാറിൽ വീടുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലിരുന്നാണ് കർഷകർ, പൊതു പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ പങ്കാളികളായത്. കൊവിഡ് വെല്ലുവിളികളെ സാങ്കേതിക സഹായത്തോടെ മറികടന്ന് കേരളകൗമുദി സംഘടിപ്പിച്ച വെബിനാറിന് സമാനതകളില്ലാത്ത സ്വീകാര്യതയാണ് ലഭിച്ചത്. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ച വെബിനാറിൽ തടയണയുടെ അശാസ്ത്രീയമായ നിർമ്മാണ രീതി പരക്കെ വിമർശിക്കപ്പെട്ടു. പ്രദേശത്തെ ജനങ്ങൾ, കർഷകർ തുടങ്ങിയവരുമായി കൂടിയാലോചന നടത്താതെ തടയണ നിർമ്മിച്ച നിലപാടിനെ വെബിനാറിൽ പങ്കെടുത്ത ഒരാൾ പോലും പിന്തുണച്ചില്ല. നിർമ്മാണത്തെക്കുറിച്ച് സ്വതന്ത്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് പൊതു അഭിപ്രായമുണ്ടായി. കൊവിഡ് കാലത്തും പൊതുജനാഭിപ്രായ രൂപീകരണത്തിനായി വെബിനാർ നടത്തിയ കേരളകൗമുദിയെ വെബിനാറിൽ പങ്കെടുത്തവർ അഭിനന്ദിച്ചു.

തടയണയുടെ നിർമ്മാണം ഒരു വർഷം മുമ്പ്

തൊടിയൂർ ആര്യൻപാടം, മാലുമേൽ പുഞ്ച, തഴവ വട്ടക്കായൽ എന്നിവിടങ്ങളിലെ 1200 ഏക്കർ നെൽക്കൃഷിക്ക് ജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു വർഷം മുമ്പാണ് പള്ളിക്കലാറ്റിലെ തൊടിയൂർ ഭാഗത്ത് തടയണ നിർമ്മിച്ചത്. മുപ്പത് മീറ്ററോളം വീതിയുണ്ടായിരുന്ന ആറ്റിൽ നിർമ്മിച്ച തടയണയിലൂടെ വെള്ളമൊഴുകി പോകാൻ ഒരു മീറ്റർ വീതിയിലുള്ള മൂന്ന് കണ്ണറകൾ മാത്രമാണുണ്ടായിരുന്നത്. ശക്തമായ മഴയിൽ ആറ്റിലെ ജലനിരപ്പുയർന്നപ്പോൾ തടയണയിലൂടെ വെള്ളമൊഴുകിയില്ല. ഇതോടെ തഴവ, തൊടിയൂർ, ശൂരനാട് വടക്ക് പഞ്ചായത്തുകളിലെ പള്ളിക്കലാറിന്റെ തീരങ്ങൾ മുങ്ങി. പുഞ്ചകളിലടക്കം വെള്ളം കയറിയതോടെ അവിടെ അധിക ജലം പമ്പ് ചെയ്ത് കളയാൻ സ്ഥാപിച്ചിരുന്ന മോട്ടർ ഷെഡുകളും മുങ്ങി. കിടപ്പാടവും കൃഷിയിടവും പള്ളിക്കലാറ് കവരുന്ന ഘട്ടം വന്നതോടെയാണ് ജനങ്ങളും കർഷകരും പ്രതിഷേധവുമായെത്തിയത്. ഇവർക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ കക്ഷികളും ഒപ്പമെത്തി. മുഖ്യമന്ത്രി, ജലവിഭവ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയതോടെ വകുപ്പ് മന്ത്രിയുടെ ചേംബറിൽ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നു. അടിയന്തര പരിഹാരം ലക്ഷ്യമിട്ട് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥ സംഘമാണ് തടയണയുടെ മദ്ധ്യഭാഗത്തെ ഭിത്തികൾ നീക്കം ചെയ്‌ത് ജലമൊഴുക്കിക്കളയാൻ തീരുമാനമെടുത്തത്.

 ചർച്ചയിൽ ഉയർന്ന അഭിപ്രായങ്ങൾ

ദീർഘവീക്ഷണമില്ലാത്ത നിർമ്മാണമാണ് നടത്തിയത്. കർഷകരും കർഷക സംഘടനകളും തടയണ ആവശ്യപ്പെട്ടിരുന്നില്ല. പൂർണമായും പൊളിക്കണം. ആശാസ്ത്രീയ നിർമ്മാണത്തിനൊപ്പം നിലയുറപ്പിച്ച എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടു വരണം. സർക്കാരിന് നഷ്ടമായ 80 ലക്ഷം രൂപ ഉത്തരവാദികളിൽ നിന്ന് ഈടാക്കണം.

സി.ആർ. മഹേഷ്, കെ.പി.സി.സി.സി ജനറൽ സെക്രട്ടറി

ഉദ്യോഗസ്ഥരുടെ അപക്വമായ ഇടപെടലും വീഴ്ചയുമാണ് ഇതിന് കാരണം. തടയണ നാടിനെയാകെ വെള്ളക്കെട്ടിലാഴ്ത്തി. കൃഷിനാശമുണ്ടായി. ജനങ്ങൾ ആഴ്ചകളോളം ദുരിതാശ്വാസ ക്യാമ്പിലായി. പൂർണമായി പൊളിച്ച് നിക്കണം.

തൊടിയൂർ രാമചന്ദ്രൻ , യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ

ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വലിയ തെറ്റുണ്ടായി. പൊതു പണമാണ് ഇല്ലാതാക്കിയത്. വിജിലൻസ് കേസെടുത്ത് ഉദ്യോഗസ്ഥരിൽ നിന്ന് പണം ഈടാക്കണം. തടയണയുടെ അപാകത ചൂണ്ടികാട്ടിയ കൃഷി ഓഫീസറെ തുടർച്ചയായി ദ്രോഹിക്കുകയും സ്ഥലം മാറ്റുകയും ചെയ്തു.

അഡ്വ. ബി. അനിൽകുമാർ , കോൺഗ്രസ് തഴവ മണ്ഡലം പ്രസിഡന്റ്

ഉദ്യോഗസ്ഥർകക്ക് മേൽ ബാഹ്യ ഇടപെടൽ ഉണ്ടാകും. മൈനർ ഇറിഗേഷൻ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ ഇത്ര വലിയ ക്രമക്കേട് നടക്കുമെന്ന് വിശ്വസിക്കുന്നില്ല. കർഷകർക്ക് ഗുണമുണ്ടായില്ലെന്ന് മാത്രമല്ല, കൃഷി നശിക്കുകയും ചെയ്തു. നഷ്ടം വരുത്തിയവരിൽ നിന്ന് തുക ഈടാക്കണം.

കെ.ആർ. രാജേഷ്, ബി.ജെ.പി കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ്

മുപ്പത് മീറ്ററിലൊഴുകിയ ആറിനെ നാല് മീറ്ററിലേക്ക് ചുരുക്കുകയായിരുന്നു തടയണ. ജനങ്ങൾ ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിൽ കഴിയേണ്ടി വന്നു. തടയണ പൊളിക്കാതെ വീണ്ടും 30 ലക്ഷത്തിന്റെ തോട് നിർമ്മാണ പദ്ധതിയുമായി ഉദ്യോഗസ്ഥർ രംഗത്തെത്തിയത് സംശയകരമാണ്. തടയണ പൊളിച്ച് നീക്കണം. കുറ്റക്കാരെ വെള്ള പൂശരുത്.

ഷഹനാസ് , തൊടിയൂർ പഞ്ചായത്തംഗം

ജനങ്ങളുമായി ഒരു ചർച്ചയും നടത്താതെയാണ് തടയണ നിർമ്മിച്ചത്. 95 ശതമാനത്തോളം നിർമ്മാണം കഴിഞ്ഞപ്പോഴാണ് ഇതിന്റെ ആപത്ത് ബോദ്ധ്യപ്പെട്ടത്. തടയണ പൊളിച്ച് നീക്കണം. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

പാവുമ്പ സുനിൽ, തഴവ പഞ്ചായത്തംഗം

മൂന്ന് പഞ്ചായത്തുകളിലെ 400 കുടുംബങ്ങൾക്ക് നാശനഷ്ടമുണ്ടായി. ഭരണ തലത്തിലെയും ഉദ്യോഗസ്ഥ തലത്തിലെയും വെള്ളാനകൾ പോക്കറ്റ് വീർപ്പിക്കാനാണ് തടയണ നിർമ്മാണത്തിലൂടെ ശ്രമിച്ചത്. അഴിമതി സ്വതന്ത്ര ഏജൻസി അന്വേഷിക്കണം

പ്രകാശ് പാപ്പാടിയിൽ , ബി.ജെ.പി ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി

തടയണ നി‌ർമ്മാണം അശാസ്ത്രീയമാണെങ്കിൽ പരിഹാരമുണ്ടാക്കണം. മുമ്പും പള്ളിക്കലാറ്റിന്റെ തീരങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. രഹസ്യമായിട്ടല്ല നി‌ർമ്മാണം നടത്തിയത്.

കെ.വി.വിജയൻ.

നിർമ്മാണം ശാസ്ത്രീയമായിരുന്നെങ്കിൽ കർഷകർക്ക് ഗുണകരമായേനെ. പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണം. കെട്ടുന്നതും പൊളിക്കുന്നതും പതിവ് സംഭവമായി മാറി

.ഷീല ജഗധരൻ , പൊതു പ്രവർത്തക

അശാസ്ത്രീയമായ തടയണ നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ട്. കരാറുകാരനെ സഹായിക്കാനും കർഷകരെ ദ്രോഹിക്കാനുമാണ് ശ്രമിച്ചത്.

ശരത് കുമാർ, ഗ്രാമ പഞ്ചായത്തംഗം

നിർമ്മാണം 80 ശതമാനം എത്തിയപ്പോൾ തന്നെ ചുരുളി ഏലായിലെ കൃഷി മുങ്ങിയിരുന്നു. അന്നുതന്നെ എം.എൽ.എയ്ക്ക് പരാതി നൽകി. പക്ഷേ ഒരു പഠനവും നടത്താൻ തയ്യാറായില്ല. എം.എൽ.എ ദുർവാശിയോടെ പെരുമാറി. അപാകത ചൂണ്ടിക്കാട്ടിയ കൃഷി ഓഫീസറെ പാലക്കാട്ടേക്ക് സ്ഥലം മാറ്റി.

രാജേന്ദ്രൻ എസ്. നെല്ലുവിളയിൽ

സർക്കാരിന് നഷ്ടമായ തുക ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ച് പിടിക്കണം. കുറ്റക്കാർക്കെതിരെ നടപടി വേണം.

അമൃത ശൂരനാട്, ശൂരനാട് സ്വദേശി

 അശാസ്ത്രീയ തടയണ നിർമ്മാണമാണ് നടന്നത്. ജനങ്ങളെ സഹായിക്കുന്ന തരത്തിലായിരുന്നില്ല നിർമ്മാണം.

രഘുനാഥ് , പാടശേഖര സമിതി സെക്രട്ടറി

തടയണ നിർമ്മാണത്തിലൂടെ 80 ലക്ഷം രൂപയാണ് സർക്കാരിന് നഷ്ടമായത്. ഇതിന്റെ ആദ്യ ഉത്തരവാദി കരുനാഗപ്പള്ളി എം.എൽ.എയാണ്. ഇതിൽ നിന്ന് ഒഴിഞ്ഞ് മാറാൻ അദ്ദേഹത്തിന് കഴിയില്ല. ജനങ്ങളും കർഷകരും ക്ഷീര കർഷകരും ബുദ്ധിമുട്ടിലായി.

ഷിബു എസ്. തൊടിയൂർ,

തൊടിയൂർ നോർത്ത് ക്ഷീരോത്പാദക സഹകരണ സംഘം

തടയണയുടെ നിർമ്മാണം അശാസ്ത്രീയമാണ്. പൊളിച്ചുനീക്കി ജനങ്ങളെയും കർഷകരെയും രക്ഷിക്കണം. ഉത്തരവാദികളിൽ നിന്ന് പണം ഈടാക്കണം. കളരിയ്ക്കൽ ഗുരുപ്രസാദ്

80 ലക്ഷം എങ്ങനെയെങ്കിലും വിനിയോഗിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഒരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് തടയണ നി‌ർമ്മിച്ചത്.

തഴവ ബിജു, തഴവ പഞ്ചായത്തംഗം