പുത്തൂർ : കാലിൽ പുഴുവരിക്കുന്ന നിലയിൽ ഒറ്റയ്ക്ക് വീട്ടിൽ താമസിച്ചിരുന്ന വയോധികനെ ആശുപത്രിയിലെത്തിച്ചു. കാരിക്കൽ തുണ്ടിൽ താഴേതിൽ വീട്ടിൽ സോമശേഖരൻ (80)നെയാണ് ജനമൈത്രിപൊലീസും വാർഡംഗവും ആരോഗ്യപ്രവർത്തകരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലാക്കിയത്. കാലിൽ വലിയ വ്രണങ്ങളായിരുന്നു. ഇതിലേക്ക് മരുന്നൊഴിച്ചപ്പോൾ പുഴുക്കൾ വലിയതോതിൽ പുറത്തേക്കിറങ്ങുന്ന നിലയായിരുന്നുവെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാലങ്ങളായി സോമശേഖരൻ വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. അവിവാഹിതനാണ്. പൂർണമായും പുറത്തേക്കിറങ്ങാതെയായിട്ട് ഒരുമാസത്തോളമേയായിട്ടുള്ളുവെന്ന് നാട്ടുകാർ പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് സോമശേഖരനെ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. വ്രണങ്ങൾ പഴുത്ത് ദുർഗന്ധം വമിക്കുന്ന നിലയിൽ നടക്കാൻ പോലുമാകാതെ അവശനിലയിലായ ഇദ്ദേഹത്തിന്റെ വിവരം വാർഡംഗം പത്മകുമാരി ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ രാജീവനെ അറിയിച്ചു. അദ്ദേഹം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയായിരുന്നു.