ആറു വയസുകാരനായ ബ്രിഡ്ജർ വാക്കർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സൂപ്പർ ഹീറോ. അക്രമാസക്തനായ നായയിൽ നിന്ന് തന്റെ കുഞ്ഞ് സഹോദരിയെ രക്ഷിച്ചാണ് ബ്രിഡ്ജർ ലോകത്തിലെ താരമായിരിക്കുന്നത്. യുഎസിലെ വ്യോമിംഗ് നിവാസിയാണ് ഈ കൊച്ചുപയ്യൻ. ജർമ്മൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായ തന്റെ നാലുവയസുകാരിയായ സഹോദരിയെ ആക്രമിക്കുന്നത് കണ്ട് ഭയന്ന് മാറി നിൽക്കാൻ ബ്രിഡ്ജർ തയ്യാറായില്ല. സഹോദരിക്ക് കവചമായി ധൈര്യപൂർവം നായയെ നേരിട്ടു.
ആക്രമണത്തിൽ ബ്രിഡ്ജറിന് സാരമായി തന്നെ പരിക്കേൽക്കുകയും ചെയ്തു. രണ്ട് മണിക്കൂർ നീണ്ട സർജറിക്കൊടുവിൽ 90 സ്റ്റിച്ചുകളാണ് മുഖത്തെ മുറിവിന് വേണ്ടി വന്നത്. 'ആരെങ്കിലും മരിക്കേണ്ടി വന്നാൽ അത് താനായിരിക്കണം' എന്നായിരുന്നു എന്തിനാണ് നായയുടെ മുന്നിലേക്കെടുത്ത് ചാടിയതെന്ന് പിതാവ് ചോദിച്ചപ്പോൾ ഈ കുരുന്ന് മറുപടി നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഏതായാലും ബ്രിഡ്ജറിന്റെ കഥ ലോകം മുഴുവൻ ശ്രദ്ധ നേടി. ലോകത്തെമ്പാടുനിന്നും അഭിനന്ദന പ്രവാഹമാണ് ഈ കുരുന്നിനിപ്പോൾ.