car

ആഗ്രഹിച്ച് വാങ്ങിയ കാർ തനിക്കിഷ്ടപ്പെട്ട രീതിയിൽ ഒന്നു മോടിപിടിപ്പിച്ചതിന് പുലിവാൽ പിടിച്ചിരിക്കുകയാണ് ഛണ്ഡീഗഡ് സ്വദേശി. രഞ്ജിത്ത് മൽഹോത്ര ന്യൂഡൽഹിയിൽ നിന്നാണ് തന്റെ സ്വപ്ന വാഹനമായ അംബാസഡർ സ്വന്തമാക്കിയത്. പിന്നാലെ കാറിൽ പൂക്കളും ഇലകളുമൊക്കെ വരച്ച് വർണ വിസ്മയം തീർത്തു. കണ്ടാൽ ഒരു വർണപ്പട്ടം. ആരെയും ആകർഷിക്കുന്ന തരത്തിൽ പൂവും കായും കൊണ്ട് അകവും പുറവും അടിമുടി മോടിപിടിപ്പിച്ച് കളർഫുൾ ആക്കി നാട്ടിലെത്തിച്ചപ്പോഴാണ് പുലിവാലായത്. അങ്ങനെ വെളുത്തനിറത്തിലായിരുന്ന വാഹനം ആർട് വർക്ക് നടത്തി ആകപ്പാടെ മാറ്റം വരുത്തിയിരുന്നു. ഇതോടെ ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കുന്ന ഛണ്ഡീഗഡ് ട്രാൻസ്പോർട്ട് അതോറിട്ടി വാഹനത്തിന് രജിസ്ട്രേഷൻ നിഷേധിച്ചു. വെള്ളനിറത്തിൽ തന്നെ നേരത്തെ രജിസ്റ്റർ ചെയ്ത വാഹനമായതിനാൽ രൂപമാറ്റം വരുത്തിയ വാഹനത്തിന് രജിസ്ട്രേഷൻ നൽകാനാവില്ലെന്നാണ് അധികൃതരുടെ വാദം. മാത്രമല്ല,​ വാഹനം ഇത്തരത്തിൽ മോടിപിടിപ്പിക്കാൻ ര‍ഞ്ജിത്ത് അനുമതി വാങ്ങിയിരുന്നില്ലെന്നും അധികൃതർ പറയുന്നു. പിന്നാലെ ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. പലനിറത്തിലും തരത്തിലും മോടിപ്പിടിച്ച ട്രക്കുകൾക്ക് രജിസ്ട്രേഷൻ നൽകാറുണ്ട്. അതുകൊണ്ട് തന്നെ കാറിനും രജിസ്ട്രേഷൻ നൽകണമെന്നാണ് കോടതി അറിയിച്ചത്. എന്നാൽ ഈ വിധി ചോദ്യം ചെയ്ത് അധികൃതർ തുടർ നടപടിക്കൊരുങ്ങുന്നുവെന്നാണ് ഇപ്പോൾ അറിയുന്നത് . വാഹനത്തിന്റെ നിറം മാറ്റാൻ അനുമതി വാങ്ങാത്ത സാഹചര്യത്തിൽ രജിസ്ട്രേഷന് അനുമതി കൊടുക്കുന്നത് മോട്ടോർ വെഹിക്കിൾ ആക്ടിനെതിരാണെന്നാണ് ഛണ്ഡീഗഡ് സ്റ്റാൻഡിംഗ് കൗൺസിൽ പങ്കജ് ജെയ്ൻ പറയുന്നത്. എന്തായാലും കളർഫുൾ കാ‌ർ രഞ്ജിത്തിന്റെ ജീവിതത്തിലെ കള‌ർ കളയുന്ന അവസ്ഥയാണ്!