sales

അഞ്ചാലുംമൂട് : ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളും ജില്ലാ കളക്ടറുടെ ഉത്തരവിനും വിലകല്പിക്കാതെ വീടുകൾ കയറിയിറങ്ങിയുള്ള വിൽപ്പന ഇപ്പോഴും സജീവം. ലോക്ക് ഡൗണിന് മുമ്പ് ചില സ്വകാര്യ കമ്പനികളുടെ ഉത്പന്നങ്ങൾ വീടുകൾതോറും കയറി വിൽപ്പന നടത്തുന്നത് സ്വാഭാവികമായിരുന്നു. നിയന്ത്രണങ്ങൾ വന്നതോടെ ഇത്തരം വില്പന പൂർണമായും നിറുത്തി. എന്നാൽ വീണ്ടും നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി നിരവധി പേർ വീടുകളിൽ വില്പനയ്ക്കെത്തുകയാണ്.

യുവജനങ്ങളാണ് കൂടുതലായും ഇത്തരത്തിൽ വീടുകളിലെത്തുക. മാനേജ്‌മെന്റ് പഠനത്തിന്റെ ഭാഗമായാണ് എത്തുന്നതെന്ന് ഇവർ പറയുന്നതെങ്കിലും ഇതുമായി യാതൊരു ബന്ധവും ഇവർക്കില്ലെന്നതാണ് ശ്രദ്ധേയം. പ്രമുഖ കമ്പനികളുടെ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് വരുന്നവർക്ക് കമ്പനിയുമായി നേരിട്ട് ബന്ധമുണ്ടാകില്ലെന്നതും യാഥാർത്ഥ്യമാണ്. ചില സ്വകാര്യ ഏജൻസിയുടെ ജീവനക്കാരാണ് ഇവരിൽ ഭൂരിഭാഗവും.

കൊവിഡ് നിബന്ധനകൾ പ്രകാരം മാസ്കും ഗ്ലൗസും നിർബന്ധമാണെന്നിരിക്കെ വിൽപ്പന നടത്താനെത്തുന്നവരിൽ ഭൂരിഭാഗം പേരും മാസ്ക് മാത്രമാണ് ഉപയോഗിക്കുന്നത്. സാനിറ്റൈസർ, കൈയുറകൾ എന്നിവ ഇവർ ഉപയോഗിക്കുന്നതേയില്ല. സ്വയം അപകടത്തിലേക്ക് പോകുന്ന ഇവർ മറ്റുള്ളവർക്കും ഭീഷണിയാണ്. ഒരേ സമയം രോഗവാഹകരും രോഗം പരത്തുന്നവരുമാകാൻ സാധ്യതയേറെയാണ്.

 അധികൃതർ അനാസ്ഥയൊഴിയണം

കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും ഉറപ്പുവരുത്താതെ വീടുകൾ കയറിയിറങ്ങിയുള്ള വിൽപ്പന തടയാൻ അധികൃതർക്ക് കഴിയുന്നില്ലെന്ന ആക്ഷേപമുണ്ട്. മത്സ്യവിൽപ്പനയുൾപ്പെടെ വീട് കയറിയിറങ്ങിയുള്ള വിൽപ്പന നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് കൃത്യമായി നടപ്പിലാക്കാനോ വിൽപ്പന തടയുവാനോ ഇതുവരെ അധികൃതർക്കായിട്ടില്ല.

സാധാരണക്കാരുടെ മിക്ക വീടുകൾക്കും മതിലോ ഗേറ്റോ ഇല്ലാത്തതിനാൽ ഇത്തരം കച്ചവടക്കാരെ തടയാൻ കഴിയാറില്ല. സമൂഹവ്യാപനത്തിന്റെ പടിവാതിൽക്കലെത്തി നിൽക്കുന്ന ജില്ലയിൽ ഇത്തരം കച്ചവടക്കാർക്ക് തടയിടേണ്ടത് അധികൃതർ തന്നെയാണ്. കുറഞ്ഞപക്ഷം ഉത്തരവുകൾ കൃത്യമായി നടപ്പിലാക്കാനുള്ള ആർജ്ജവം കാണിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ പക്ഷം.