പുതുനാമ്പ് 1,871 ഹെക്ടറിൽ
കൊല്ലം: ഭക്ഷ്യോത്പാദനത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 1,871 ഹെക്ടർ തരിശ് ഭൂമിയിൽ പുതുനാമ്പ് തളിരിട്ടു. 3,393 ഹെക്ടർ തരിശ് ഭൂമിയിൽ കൃഷി ആരംഭിക്കുകയെന്ന ലക്ഷ്യത്തിലേക്ക് രണ്ട് മാസത്തിനുള്ളിലെത്തും.
ജില്ലയിൽ 714 ഹെക്ടർ തരിശ് നിലത്താണ് സുഭിക്ഷ പദ്ധതിയുടെ ഭാഗമായി നെൽകൃഷി ആരംഭിച്ചത്. നിലവിൽ 2,088 ഹെക്ടർ സ്ഥലത്ത് സ്ഥിരമായി നെൽകൃഷി നടന്നുവരികയാണ്. ഇതോടെ ജില്ലയിൽ നെൽകൃഷിയുടെ വിസ്തൃതി 2,802 ഹെക്ടറായി ഉയർന്നു. പദ്ധതി ലക്ഷ്യത്തിലേക്ക് എത്തുന്നതോടെ നെൽകൃഷി 3,500 ഹെക്ടറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾ വിൽക്കാനുള്ള വിപണന കേന്ദ്രങ്ങളും സജ്ജമായി വരികയാണ്. വ്യാപകമായി നിലനിൽക്കുന്ന കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾക്കിടയിലാണ് ജില്ലയിൽ ഇത്രയധികം വേഗത്തിൽ പദ്ധതി ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്.
മൃഗസംരക്ഷണ മേഖലയിലും സുഭിക്ഷ കേരളത്തിന്റെ ഭാഗമായുള്ള പദ്ധതികൾ തുടങ്ങിക്കഴിഞ്ഞു. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തീറ്റപ്പുൽകൃഷി, മിനി ഡയറി യൂണിറ്റ്, സൗജന്യമായി കറവപ്പശുക്കളുടെയും പോത്ത് കുട്ടികളുടെയും വിതരണം തുടങ്ങിയവ ആരംഭിച്ചു. മത്സ്യമേഖലയിൽ കുളങ്ങളിലും വീട്ടുവളപ്പിലുമായി 599 ഇടങ്ങളിൽ മത്സ്യകൃഷി ആരംഭിക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ഇതിന് പുറമേ 148 ബയോഫ്‌ളോക്ക് മത്സ്യകൃഷിയും 25 യൂണിറ്റ് കരിമീൻ കൃഷിയും ഉടൻ തുടങ്ങും.
ഇനം, കൃഷി തുടങ്ങിയ തരിശ് പ്രദേശം (ഹെക്ടർ)
നെല്ല് - 714
വാഴ - 307
മറ്റ് പഴവർഗങ്ങൾ - 217
കിഴങ്ങ് - 305
പച്ചക്കറി - 231
പയർവർഗങ്ങൾ - 68.6
മറ്റുള്ളവ - 28.4
നീക്കിവച്ച തുക
കൃഷി: 52.33 കോടി
മൃഗസംരക്ഷണം: 60.84
ക്ഷീരവികസനം: 23.24
മത്സ്യം: 10.12
''
പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ തരിശ് ഭൂമിയിൽ കൃഷി തുടങ്ങി. 800 ഹെക്ടർ തരിശ് നിലത്തുകൂടി കൃഷി ഇറക്കാനുള്ള സാമ്പത്തിക സഹായം സർക്കാരിനോട് ആവശ്യപ്പെട്ടു.
വി. ജയ, പ്രിൻസിപ്പൽ കൃഷി ഓഫീസർ