കൊല്ലം: ജില്ലയിൽ പകുതിയിലേറെ പഞ്ചായത്തുകൾ പൂർണമായി അടച്ചും കൊല്ലം കോർപ്പറേഷൻ ഉൾപ്പെടെ നിരവധി തദ്ദേശ സ്ഥാപനങ്ങൾ ഭാഗികമായി അടച്ചും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ സാധാരണ കുടുംബങ്ങളെ വറുതിയിലാക്കും.
തീരദേശ മേഖലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന ചവറ, പന്മന പഞ്ചായത്തുകളിലെ ജനങ്ങൾക്ക് മാത്രമാണ് റേഷൻ കടകളിലൂടെ സൗജന്യ അരി ലഭിക്കുന്നത്. മറ്റിടങ്ങളിലുള്ളവർക്ക് അതുമില്ല. കൂടുതൽ നിരീക്ഷണം ആവശ്യമുള്ള പ്രദേശങ്ങൾ എന്ന നിലയിൽ ചില പഞ്ചായത്തുകൾ റെഡ് കളർ കോഡ് നിയന്ത്രണത്തിലാണ്. കണ്ടെയ്മെന്റ് സോണിൽ പുറത്തിറങ്ങാൻ കഴിയാത്തതിനാൽ നൂറ് കണക്കിന് സാധാരണ കുടുംബങ്ങളുടെ വരുമാനവും നിലച്ചു.
മരുന്ന്, ഭക്ഷണവും മുടങ്ങുന്നു
പ്രമേഹ ബാധിതർ, ഹൃദ്‌രോഗികൾ, കാൻസർ ബാധിതർ, മറ്റ് ഗുരുതര രോഗം ബാധിച്ചവർ തുടങ്ങിയവരുടെ മരുന്നുകൾക്ക് വില കൂടുതലാണ്. ജോലിക്ക് പോകാനാകാത്തതിനാൽ മരുന്നും മുടങ്ങി. സോണുകളിലെ വ്യാപാര സ്ഥാപനങ്ങൾ കൂട്ടത്തോടെ അടയുന്നത് ഉടമകളെ മാത്രമല്ല, ആശ്രയിച്ച് കഴിയുന്ന തൊഴിലാളി കുടുംബങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നു.
അധികൃതരുടെ ശ്രദ്ധ പതിയണം
1. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി വേണം
2. കണ്ടെയ്ൻമെന്റ് സോണുകളിലെ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണം
3. ആശുപത്രി, മരുന്ന് തുടങ്ങിയ ആവശ്യങ്ങൾക്ക് പ്രത്യേക സൗകര്യം ഒരുക്കണം
4. ജോലിക്ക് പോകുന്നവരുടെ വഴി തടയുന്നെന്ന പരാതിക്ക് പരിഹാരം വേണം
''
കണ്ടെയ്ൻമെന്റ് സോണുകളിലെ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിക്കണം. മരുന്ന്, ആശുപത്രി, ജോലി തുടങ്ങിയ ആവശ്യങ്ങൾക്ക് സൗകര്യമൊരുക്കണം.
കെ.വിനോദ്, ശൂരനാട്