തൊടിയൂർ: മുഴങ്ങോടി സ്വദേശിയായ പുതിയകാവിലെ വ്യാപാരിക്കും ഭാര്യയ്ക്കും സഹോദരനും കൊവിഡ് സ്ഥീരികരിച്ചതിനെത്തുടർന്ന് പഞ്ചായത്താകെ കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയുന്ന സാഹചര്യത്തിൽ രോഗ വ്യാപന സാദ്ധ്യത മുന്നിൽ കണ്ടാണ് പഞ്ചായത്താകെ കണ്ടയ്മെന്റ് സോണാക്കിയത്. പഞ്ചായത്തിലെ പ്രധാന റോഡുകളിൽക്കൂടി ഭാഗികമായി ഗതാഗതം അനുവദിച്ചിട്ടുണ്ടെങ്കിലും ഇട റോഡുകളെല്ലാം അടച്ചു .കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡ്, ചാമ്പക്കടവ്- എ.വി.എച്ച്.എസ് റോഡ്, ചിറ്റുമൂല-മാലു മേൽക്കടവ് റോഡ്‌, പുതിയകാവ് ചക്കുവള്ളി റോഡ്, കരുനാഗപ്പള്ളി വെളുത്ത മണൽറോഡ് എന്നിവിടങ്ങളിലൂടെയുള്ള അത്യാവശ്യ സഞ്ചാരം തടഞ്ഞിട്ടില്ല.

എൻജിനീയറിംഗ് കോളേജ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കും

ആർ.രാമചന്ദ്രൻ എം.എൽ.എ പഞ്ചായത്തിൽ അടിയന്തര യോഗം വിളിച്ചു കൂട്ടി. ചികിത്സ ആവശ്യമുള്ളവരെ താമസിപ്പിക്കാനായി പഞ്ചായത്തിലെ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കും. ഇവിടെ 50 കിടക്കകളാണ് ഒരുക്കുന്നത്.എൻജിനീയറിംഗ്‌ കോളേജിന്റെ ലേഡീസ് ഹോസ്റ്റൽ

ക്വാറന്റൈൻ കേന്ദ്രമാക്കും.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വോളണ്ടിയർമാരായി പ്രവർത്തിക്കാൻ സന്നദ്ധതയുള്ളവർ പഞ്ചായത്തോഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 9745773909.