amal

കുന്നത്തൂർ: പനന്തോപ്പ് പാറമടയിലെ വെള്ളക്കെട്ടിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു. കുന്നത്തൂർ പടിഞ്ഞാറ് ലക്ഷ്മി ഭവനിൽ രാധാകൃഷ്ണപിള്ളയുടെയും മിനിയുടെയും മകൻ അമലാണ് (25) മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്‌മാനായി ജോലി നോക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ പാതയോരത്ത് ബൈക്ക് വച്ചശേഷം അമൽ പാറമടയിലേക്ക് ചാടുകയായിരുന്നു. സംഭവം അറിഞ്ഞ് ശാസ്താംകോട്ടയിൽ നിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും തെരച്ചിൽ സാദ്ധ്യമായിരുന്നില്ല. ഇന്നലെ രാവിലെ ഏഴോടെ കൊല്ലത്ത് നിന്ന് എത്തിയ സ്കൂബാ ടീമും ശാസ്താംകോട്ട ഫയർഫോഴ്സും ചേർന്ന് ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് ടെസ്‌റ്റിന് ശേഷം പിന്നീട് സംസ്കരിക്കും. ഏക സഹോദരി ലക്ഷ്മി. ശാസ്താംകോട്ട പൊലീസ് കേസെടുത്തു.