കൊല്ലം: ജില്ലയിൽ ഏറ്റവും കൂടുതൽ ജാഗ്രത വേണ്ട പ്രദേശമായി വെട്ടിക്കവല. വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ തലച്ചിറ, ഇളമാട് പ്രദേശങ്ങളിലായി രണ്ട് ദിനങ്ങൾക്കുള്ളിൽ കൊവിഡ് സ്ഥിരീകരിച്ചത് ഇരുപതിൽപ്പരം ആളുകളിലാണ്. സമ്പർക്കത്തിലൂടെയാണ് രോഗ വ്യാപനമുണ്ടായത്. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും മത്സ്യ വിൽപ്പനക്കാരും വിൽപ്പനകേന്ദ്രങ്ങളിലെ തൊഴിലാളികളുമാണെന്നതാണ് വലിയ ആശങ്കയ്ക്ക് ഇടനൽകുന്നത്. ചടയമംഗലത്തെ മൊത്ത വ്യാപാര കേന്ദ്രത്തിൽ നിന്നും മത്സ്യമെടുത്തവർക്കാണ് തലച്ചിറ ഭാഗത്ത് ആദ്യം രോഗം സ്ഥിരീകരിച്ചത്. തൂത്തുക്കുടിയിൽ നിന്നാണ് ചടയമംഗലത്തെ മൊത്തവ്യാപാര കേന്ദ്രത്തിൽ മത്സ്യം എത്തിയിരുന്നത്. ഇവിടെ നിന്നും വാങ്ങിയ മത്സ്യം ചില്ലറ വിൽപ്പനയ്ക്ക് നാട്ടുപാതകളിൽക്കൂടി പോയവരാണ് രോഗബാധിതരെന്നതാണ് ആശങ്ക. മത്സ്യം വാങ്ങിയവരെല്ലാം ആശങ്കയിലാണ്. സംശയം തോന്നുന്നവരെല്ലാം സ്രവപരിശോധനയ്ക്ക് ആരോഗ്യ വകുപ്പിനെ സമീപിക്കുന്നുണ്ട്. വെട്ടിക്കവല പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. സൂപ്പർ സ്പ്രെഡിന്റെ സാദ്ധ്യത കണക്കിലെടുത്താണ് കൂടുതൽ കർക്കശമാക്കുന്നത്.