photo
മുളവന - കൈതക്കോട് റോഡ് തകർന്ന നിലയിൽ

കുണ്ടറ: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ച് രണ്ടു വർഷം പിന്നിടുമ്പോഴും കൈതക്കോട് നിവാസികളുടെ ദുരിതം അവസാനിക്കുന്നില്ല. പൈപ്പിടീൽ പൂർത്തിയായി വർഷം ഒന്ന് കഴിഞ്ഞിട്ടും റോഡ് പൂർവസ്ഥിതിയിൽ ആക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

ഞാങ്കടവ് കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനായി രണ്ടുവർഷം മുമ്പാണ് റോഡ് വെട്ടിക്കുഴിച്ചത്. നാല് മീറ്റർ മാത്രം വീതിയുണ്ടായിരുന്ന റോഡിന്റെ മുക്കാൽ ഭാഗവും കുഴിച്ചാണ് പൈപ്പുകൾ സ്ഥാപിച്ചത്. പൈപ്പുകൾ സ്ഥാപിച്ച് ഒരു വർഷം പിന്നിട്ടിട്ടും റോഡിന്റെ പുനർനിർമ്മാണം എങ്ങുമെത്തിയില്ല. ഒടുവിൽ മുളവന ഭാഗത്ത് നിന്ന് റോഡിന്റെ വെട്ടികുഴിച്ച ഭാഗം ബലപ്പെടുത്തുന്ന പ്രവൃത്തികൾ ആരംഭിച്ചപ്പോഴേക്കും കൊവിഡ് വില്ലനായെത്തി. ഇതോടെ ജോലികൾ നിറുത്തിവയ്ക്കേണ്ടി വന്നു. റോഡ് ബലപ്പെടുത്തുന്ന പ്രവൃത്തികൾ പൂർത്തിയായൽ മാത്രമേ പുനർനിർമ്മാണം ആരംഭിക്കാൻ സാധിക്കൂ.

രണ്ടു വർഷം മുമ്പ്‌ കിഫ്ബിയിൽ ഉൾപ്പെടുത്തി റോഡിന്റെ പുനർനിർമ്മാണത്തിന് ഫണ്ട് അനുവദിച്ചിരുന്നു. അന്നത്തെ എസ്റ്റിമേറ്റിൽ റോഡ് നിർമ്മിക്കാൻ കരാറുകാരൻ തയ്യാറാകുമോയെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. പദ്ധതിക്കായി ഇതിനോടൊപ്പം വെട്ടിപ്പൊളിച്ച പേരയം - പൊട്ടിമുക്ക് റോഡും പൊട്ടിമുക്ക് - മുളവന പള്ളിമുക്ക് റോഡും കൈതക്കോട് - ഓതിരമുകൾ റോഡും പുനർനിർമാണം പൂർത്തിയായി. ഓതിരമുകൾ - പവിത്രേശ്വരം റോഡിന്റെ നിർമ്മാണം നടന്നുവരുന്നു. അപ്പോഴും കൈതക്കോട് - മുളവന റോഡിന്റെ നിർമ്മാണം തുടങ്ങിയിടത്ത് തന്നെ അവസാനിച്ച മട്ടാണ്.

 നരകവാരിധി നടുവിൽ

വെട്ടിപ്പൊളിച്ച റോഡിൽ തുടക്കത്തിൽ അസഹനീയമായ പൊടിയായിരുന്നു നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമായത്. മഴ ആരംഭിച്ചതോടെ ചെളി കാരണം കാൽനട യാത്രികരും ഇരുചക്രവാഹനങ്ങളിൽ പോകുന്നവരും തെന്നിവീഴുന്നത് പതിവായി. ദിവസങ്ങൾ പിന്നിടുമ്പോൾ ഈ റോഡിലൂടെയുള്ള യാത്രയെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.

 കുടിവെള്ള പദ്ധതിക്കായി കുഴിച്ച റോഡിന്റെ ഭാഗം ബലപ്പെടുത്തുന്ന പ്രവൃത്തികൾ നടന്നുവരികയാണ്. കൊവിഡ് പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് ക്ഷാമം നേരിടുന്നതാണ് നിർമ്മാണ പ്രവർത്തനം വൈകിപ്പിക്കുന്നത്.

ഷാജി (എ.ഇ, പി.ഡബ്ളിയു.ഡി, കുണ്ടറ)


 ഞാങ്കടവ് പദ്ധതിയുമായി ബന്ധപ്പെട്ട് സമീപത്തെ റോഡുകളുടെ പുനർനിർമ്മാണം പുർത്തിയായിട്ടും കൈതക്കോട് നിവാസികളെ മാത്രം അവഗണിക്കുന്നത് ശരിയല്ല. റോഡിന്റെ പുനർനിർമ്മാണം ഉടൻ ആരംഭിച്ചില്ലെങ്കിൽ നാട്ടുകാരുടെ നേതൃത്വത്തിൽ സമരപരിപാടികളുമായി മുന്നോട്ടുപോകും.

രാജി കുഞ്ഞുമോൻ (വാർഡ് മെമ്പർ)