കുണ്ടറ: രണ്ടു ജീവനക്കാരുടെ സ്രവപരിശോധനാഫലം പൊസിറ്റീവായതോടെ കുണ്ടറയിലെ സ്വകാര്യ ആശുപത്രി അടച്ചു. ആശുപത്രിയിലെ ഒരു സെക്യൂരിറ്റി ജീവനക്കാരനും ലാബ് അസിസ്റ്റന്റിനുമാണ് കൊവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയത്.
പടപ്പക്കരയിൽ കൊവിഡ് സ്ഥിരീകരിച്ച കുടുംബത്തിലെ അംഗങ്ങൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയിരുന്നു. ഇതുകണ്ടെത്തിയ ആരോഗ്യവകുപ്പ് അധികൃതർ ആശുപത്രിയിലെ ജീവനക്കാരുടെ മുഴുവൻ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ പരിശോധനാഫലം ലഭിച്ചപ്പോഴാണ് രണ്ടുപേർക്ക് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ ചികിത്സയിലായിരുന്ന 25ഓളം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ച ജീവനക്കാരെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഇവർക്ക് പടപ്പക്കരയിൽ നിന്ന് ചികിത്സയ്ക്കെത്തിയവരുടെ സമ്പർക്കത്തിൽ നിന്നാണ് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. ചികിത്സിച്ച ഡോക്ടർക്കടക്കം മറ്റെല്ലാവരുടെയും ഫലം നെഗറ്റീവാണ്.