ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിതികരിച്ചതോടെ പഞ്ചായത്ത് പൂർണമായും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഓയൂർ ടൗണിലെ ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്ത കരിങ്ങന്നൂർ അഞ്ഞൂറ്റിനാല് സ്വദേശിനിക്കും പാചക ജോലി ചെയ്ത റോഡുവിള സ്വദേശിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് പഞ്ചായത്തിലെ വട്ടപ്പാറ, റോഡുവിള, അഞ്ഞൂറ്റിനാല് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ഹൈപ്പർ മാർക്കറ്റ് അടയ്ക്കുകയും ചെയ്തിരുന്നു
എന്നാൽ സ്ഥാപനത്തിലൂടെയുള്ള സമ്പർക്കം ആശങ്ക പരത്തുന്നതിനാൽ പഞ്ചായത്ത് പൂർണമായും അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു . എം.എൽ.എ മുല്ലക്കര രത്നാകരന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ അടിയന്തിര യോഗം കൂടി സ്ഥിതിഗതികൾ ചർച്ച ചെയ്തു. രോഗ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വാർഡ്തല കമ്മിറ്റികൾ രൂപവത്ക്കരിക്കാൻ യോഗം തീരുമാനിച്ചു. അതിതീവ്ര പ്രദേശമായി പ്രഖ്യാപിച്ചതോടെ ആവശ്യ സർവ്വീസുകളായി പ്രഖ്യാപിച്ചിട്ടുള്ള മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള സ്ഥാപനങ്ങൾ രാവിലെ എഴു മുതൽ ഉച്ചക്ക് 12 മണി വരെ മാത്രമേ തുറന്ന് പ്രവർത്തിപ്പിക്കാവൂ എന്ന് പഞ്ചായത്തധികൃതർ അറിയിച്ചു